വിജയ്‌യുടെ അവസാനം ചിത്രം ദളപതി 69 ഒരുക്കുന്നത് വെട്രിമാരനല്ല; നറുക്ക് വീണത് എച്ച്. വിനോദിന്; ‘ആഗ്രഹം രാഷ്ട്രീയ സിനിമ’
സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതോടെ അഭിനയം അവസാനിപ്പിക്കുമെന്ന് നടന്‍ വിജയ് പ്രഖ്യാപിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ ദളപതി 69 ആയിരിക്കും വിജയ്‌യുടെ അവാസന ചിത്രം. കരിയറിലെ അവസാന ചിത്രം എന്ന നിലയില്‍ ആരായിരിക്കും അത് സംവിധാനം ചെയ്യുക എന്നതാണ് അടുത്ത ചോദ്യം. പല പേരുകളും ഉയര്‍ന്നു കേട്ടെങ്കിലും നറുക്ക് വീണത് എച്ച്. വിനോദിനാണ് എന്നാണ് വിവരം. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് വിവരം. 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന വിജയ്ക്ക് രാഷ്ട്രീയത്തിലേക്കൊരു തുടക്കം നല്‍കുന്ന രീതിയിലായിരിക്കും എച്ച്. വിനോദ് സിനിമയൊരുക്കുന്നത്. വിജയ്‌യോട് തിരക്കഥ പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞവര്‍ഷം വിനോദ് സ്ഥിരീകരിച്ചിരുന്നു. ‘അദ്ദേഹത്തെ വച്ചൊരു രാഷ്ട്രീയ ചിത്രം ഒരുക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ ഇതുവരെ അദ്ദേഹത്തോട് പറഞ്ഞ എല്ലാ തിരക്കഥകള്‍ക്കും ഒരു രാഷ്ട്രീയവശമുണ്ട്.’
വെട്രിമാരന്‍, കാര്‍ത്തിക്ക് സുബ്ബരാജ് എന്നിവരുടെ പേരായിരുന്നു ദളപതി 69നൊപ്പം നേരത്തേ പ്രചരിച്ചിരുന്നത്. എന്നാല്‍ അത്തരം തീരുമാനങ്ങളൊന്നും ഇതുവരെയില്ലെന്ന് വെട്രിമാരന്‍ തന്നെ അടുത്തിടെ വ്യക്തമാക്കി. വിജയ്‌യുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഉടന്‍ തന്നെ ഒരു സിനിമ ഉണ്ടാകുമെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞിരുന്നെങ്കിലും അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അദ്ദേഹം സൂര്യയ്‌ക്കൊപ്പമുള്ള തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു.
കമല്‍ഹാസനെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കുന്ന ചിത്രമായിരിക്കും അടുത്തതായി എച്ച്. വിനോദ് സംവിധാനം ചെയ്യുക എന്നായിരുന്നു നേരത്തേ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. അജിത് നായകനായ തുനിവ് ആണ് എച്ച്. വിനോദിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here