തലശ്ശേരി അതിരൂപത ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കില്ല; കെസിവൈഎമ്മിനെ തള്ളി അതിരൂപത; സിനിമ എടുത്തവരുടെ രാഷട്രീയത്തിനൊപ്പം നില്‍ക്കാനാകില്ല

കണ്ണൂര്‍: വിവാദ സിനിമ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. മതസ്പര്‍ദ വളര്‍ത്താനോ തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങളുണ്ടാക്കാനോ താത്പര്യപ്പെടുന്നില്ലെന്ന് അതിരൂപത വ്യക്തമാക്കി. സിനിമ എടുത്തവരുടെ രാഷട്രീയത്തിനൊപ്പം നില്‍ക്കാന്‍ കഴിയില്ല. സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ കെസിവൈഎമ്മിന്‍റെ അറിയിപ്പ് അതിരൂപതയുടെ നിര്‍ദേശപ്രകാരമല്ല. അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും വ്യക്തമാക്കി. ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ സിനിമ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്.
അടുത്തിടെ ദൂരദര്‍ശന്‍ ചാനല്‍ ‘ദ കേരള സ്റ്റോറി’ സംപ്രേക്ഷണം ചെയ്തതോടെയാണ് സിനിമ വീണ്ടും വിവാദമായത്. ഇതിനു പിന്നാലെ ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചു. വേദപാഠം പഠിക്കുന്ന കൗമാരപ്രായക്കാര്‍ക്കാണ് സിനിമ കാണിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്റെ ഭാഗമായാണ് പ്രദര്‍ശനം എന്നായിരുന്നു വിശദീകരണം.
ഇതേതുടര്‍ന്നായിരുന്നു കെസിവൈഎമ്മിന്‍റെ നേതൃത്വത്തില്‍ ഈ ആഴ്ച സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് താമരശേരി രൂപത പറഞ്ഞത്. സഭയുടെ മക്കളെ പ്രതിരോധത്തിന്‍റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ് സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു അറിയിപ്പ്. സമുദായത്തെയോ വിശ്വാസങ്ങളെയോ ചോദ്യംചെയ്യാതെ ഇവയെ തുറന്നുകാണിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രദര്‍ശനമെന്നായിരുന്നു രൂപതയുടെ വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here