പതിനഞ്ചുകാരനെ കൊന്നതിൽ സഹ വിദ്യാർത്ഥികളുടെ പങ്ക് ഗുരുതരമെന്ന് ഹൈക്കോടതി; ഷഹബാസ് വധക്കേസിൽ പിതാവിനെ കേസിൽ കക്ഷിചേർത്തു

കോഴിക്കോട് താമരശേരിയിൽ സഹവിദ്യാർത്ഥികളുടെ ആക്രണത്തിൽ പതിനഞ്ചുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് എതിരായ ആരോപണങ്ങൾ ഗൗരവമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസിൽ കക്ഷിചേരാനുള്ള ഷഹബാസിന്റെ പിതാവിൻ്റെ അപേക്ഷ അനുവദിക്കുകയും ചെയ്തു.

പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഈമാസം 25ന് പരിഗണിക്കാനായി മാറ്റി. കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾ കോഴിക്കോട് വെള്ളിമാടുകുന്ന് ജൂവനൈൽ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.

എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ്. ഇവിടുത്തെ വിദ്യാർത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 28 നായിരുന്നു സംഭവം.

സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നഞ്ചക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ പിറ്റേന്ന് ഷഹബാസ് മരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top