‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ തലശ്ശേരി- താമരശേരി രൂപതകള്‍; സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് ഐക്യദാർഢ്യം; ആര്‍എസ്എസിന്‍റെ കെണിയില്‍ വീഴരുതെന്ന് മുഖ്യമന്ത്രി

വയനാട്: വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ താമരശേരി, തലശ്ശേരി രൂപതകള്‍. രൂപതകളുടെ കീഴിലുള്ള യുവജന കൂട്ടായ്മയായ കെ.സി.വൈ.എമ്മിന്‍റെ എല്ലാ യൂണിറ്റുകളിലും സിനിമ പ്രദര്‍ശിപ്പിക്കും. താമരശേരിയില്‍ ഈ വരുന്ന ശനിയാഴ്ചയാണ് പ്രദര്‍ശനം. സഭയുടെ മക്കളെ പ്രതിരോധത്തിന്‍റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ് സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു അറിയിപ്പ്. സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിങ് ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. സമുദായത്തെയോ വിശ്വാസങ്ങളെയോ ചോദ്യംചെയ്യാതെ ഇവയെ തുറന്നുകാണിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രദര്‍ശനമെന്നാണ് രൂപതയുടെ വിശദീകരണം. 208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തലശ്ശേരി കെ.സി.വൈ.എം. തീരുമാനം.

കഴിഞ്ഞ ദിവസം ദൂരദര്‍ശന്‍ ചാനലില്‍ ചിത്രം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്. വേദപാഠ ക്ലാസുകളില്‍ പഠിക്കുന്ന കൗമാരപ്രായക്കാരെയാണ് സിനിമ കാണിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്റെ ഭാഗമായാണ് പ്രദര്‍ശനം എന്നായിരുന്നു വിശദീകരണം. ലൗജിഹാദ് യഥാര്‍ത്ഥ്യമാണെന്ന നിലപാടും വ്യക്തമാക്കിയിരുന്നു.

സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ പ്രദർശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്. എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാം എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. സിനിമ കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെ ഉള്ളതാണെന്നും ആർഎസ്എസിന്റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭാവനയിൽ സൃഷ്ടിച്ച ചിത്രം കേരളത്തെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് എല്ലാവരും തിരിച്ചറിയണം. കൂടുതൽ പ്രചാരണം കൊടുക്കുന്നെങ്കിൽ അതിന് പ്രത്യേക ഉദ്ദേശ്യം കാണുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top