മെത്രാനെതിരെ കലാപാഹ്വാനം!! മതകോടതിയില്‍ വിചിത്ര കുറ്റപത്രവുമായി താമരശ്ശേരി രൂപത; ലക്ഷ്യം വിമത വൈദികനെ പുറത്താക്കുക
ആര്‍. രാഹുല്‍
എറണാകുളം: സിറോ മലബാർ സഭയുടെ താമരശ്ശേരി രൂപത വൈദികനായ ഫാ. അജി പുതിയാപറമ്പിലിൻ്റെ സഭാ വിരുദ്ധ നടപടികളിന്മേൽ കുറ്റവിചാരണ നടത്താൻ മതകോടതി സ്ഥാപിച്ചുകൊണ്ട് രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനീയിൽ ഉത്തരവിറക്കി. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു എന്നതാണ് പ്രധാന കുറ്റം. ആധുനിക കാലത്തെ ക്രൈസ്തവ സഭകളിൽ കേട്ടുകേഴ്വില്ലാത്ത തരത്തിലുള്ള മതകോടതി സ്ഥാപിച്ചാണ് വൈദികനെതിരെ കുറ്റവിചാരണ നടത്താനൊരുങ്ങുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 21നാണ് വൈദികനെ വിചാരണ നടത്താനുളള ‘ട്രിബ്യൂണൽ’ സ്ഥാപിക്കാ നുള്ള ഉത്തരവ് ബിഷപ്പ് ഇഞ്ചനാനിയിൽ പുറത്തിറക്കിയത്. ദീപിക ദിനപത്രത്തിൻ്റെ മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ ,ഫാ. ആൻറണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ സഭാ സിനഡിൻ്റ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു, സ്ഥലം മാറ്റിയ ഇടവകയിൽ ചുമതലയേറ്റിട്ടില്ല തുടങ്ങിയവയാണ് വൈദികനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങൾ.
“ആധുനിക കാലത്ത് കേട്ടുകേഴ്‌വി ഇല്ലാത്ത ഒന്നാണ് ഇരുണ്ട കാലത്തെ ഇൻക്വിസിഷൻ കോടതികൾ എന്ന മത കോടതികൾ. സഭയുടെ മധ്യകാലഘട്ടത്തിൽ കുറ്റവിചാരണ കോടതികളിലൂടെ നടത്തിയ ക്രൂരതകൾക്കും അധികാര ദുർവിനിയോഗത്തിനും മഹാ ജുബിലി വർഷത്തിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞതാണ്. അത്തരം കോടതികൾ സ്ഥാപിച്ച് എന്നെ കുറ്റവിചാരണ നടത്താനാണ് സഭ ഒരുങ്ങുന്നത് .സമൻസ് കിട്ടിയാൽ ഞാന്‍ പോകും. എനിക്ക് പറയാനുള്ളത് പറയും. മുൻ നിലപാടുകളിൽ ഉറച്ചു നിൽക്കും. ക്രിസ്തു പഠിപ്പിച്ച മാർഗങ്ങളിൽ നിന്നും ഒരടി പിന്നോട്ട് പോകാൻ ഞാൻ തയ്യാറല്ല. “- അജി പുതിയാപറമ്പിൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഹരിയാനയിലും രാജസ്ഥാനിലുമുള്ള ഖാപ്പ് പഞ്ചായത്തിൻ്റെ മാതൃകയാണ് സഭയുടെ കുറ്റവിചാരണ കോടതികൾക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാ. അജി പുതിയാപറമ്പിൽ സഭക്ക് അവമതിപ്പും അപമാനവും ഉണ്ടാക്കിയതിൻ്റെ പേരിലാണ് കുറ്റവിചാരണ കോടതി സ്ഥാപിച്ചത് എന്നാണ് ബിഷപ്പിൻ്റെ ഉത്തരവിൽ പറയുന്നത്. ഇക്കഴിഞ്ഞ മെയ് 13ന് കോഴിക്കോട് മുക്കം പള്ളിയിലെ വികാരിയായിരിക്കുന്ന സമയത്ത് കത്തോലിക്കാ സഭയിൽ നടക്കുന്ന നെറികേടുകൾക്കെതിരെ ഇദ്ദേഹം ചില ശക്തമായ വിമർശനങ്ങൾ നടത്തിയിരുന്നു. സഭക്കുള്ളിലെ അധികാര വടംവലി മുറുകിയതും കർദിനാൾ പോലും കോടതി കയറി ഇറങ്ങുന്നതും സഭയിലെ ജീർണതയുടെ തെളിവാണെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശത്തിൽ പറഞ്ഞിരുന്നു.
“ക്രിസ്തുവിൻ്റെ വഴിയിൽ നിന്നും വളരെ അകലെയാ ണ് ഇന്നത്തെ സഭാ നേതൃത്വം സഞ്ചരിക്കുന്ന ത്. മനുഷ്യന്‍ കണ്ടു പിടിച്ച ആരാധനാ നിയമങ്ങൾക്കാണ് ദൈവത്തിൻ്റെ നിയമങ്ങളായ സ്നേഹം കാരുണ്യം എന്നിവ യേക്കാൾ പ്രാധാന്യം കൊടുക്കുന്നത്. ഇതിൻ്റെ പേരിൽ ഒരു പള്ളി അടച്ചു പൂട്ടിയിട്ട് നാല് മാസം കഴിഞ്ഞിരിക്കുന്നു. സഭാമക്കൾ സൈബർ ഇടത്തിൽ പരസ്പരം പോരടിക്കുന്നു. താല്ക്കാലിക ലാഭങ്ങൾക്ക് വേണ്ടി സമൂഹത്തിൽ വെറുപ്പ് വിതയ്ക്കുന്നു. സഭാപിതാക്കൻമാർ ക്രിമിനൽ കേസുകളിൽ പ്രതികളാവുന്നു. രാഷ്ട്രീയമായി അവസരത്തിനൊത്ത് അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നു. വിലപേശുന്നു. ഇവയൊന്നും ക്രിസ്തുവിൻ്റെ രീതിയല്ല. സഭയിലെ സാധാരണക്കാരായ വിശ്വാസികളും സന്യസ്തരും ഒരുപാട് വൈദീകരും ദുഖിതരാണ്.ഭയം മൂലം ആരും ഒന്നും പറയുന്നില്ല എന്നേയുള്ളു. സഭയിൽ വിശുദ്ധരായ ധാരാളം പേരുണ്ട്. അവരെല്ലാം ഇന്ന് നിശബ്ദരാണ്. സത്യം വിളിച്ചു പറഞ്ഞ ജസ്റ്റിസ് കുര്യൻ ജോസഫ് എങ്ങനെയാണ് ആക്രമിക്കപ്പെട്ടത് എന്ന് കേരളം കണ്ടതാണ്.”- സഭാ നേതൃത്വത്തിനെതിരെ നടത്തിയ അതിരൂക്ഷമായ വിമർശനത്തിനൊടുവിലാണ് താൻ ശുശ്രൂഷാദൗത്യം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ഫാ. അജിയുടെ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ സഭാ നേതൃത്വത്തെ ഞെട്ടിച്ചു കളഞ്ഞു.
കഴിഞ്ഞ 20 വർഷമായി വൈദീകനായി ജോലി ചെയ്യുന്ന ഇദ്ദേഹം സിറോ മലബാർ കത്തോലിക്ക സഭയിൽ അടുത്ത കാലത്തുണ്ടായ നെറികേടുകളോട് പ്രതിഷേധിച്ചുകൊണ്ടാണ് താൻ പുതിയൊരു ജീവിത ഘട്ടത്തിലേക്ക് കടക്കുന്നു എന്ന് പ്രഖ്യാപിച്ചത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫാ.അജി നടത്തിയ രൂക്ഷ വിമർശനം കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയായിട്ടാണ് വിലയിരുത്തിയത്. സഭാ നേതൃത്വത്തിനെ വിമർശിച്ചതിൻ്റെ പേരിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കുറ്റവിചാരണയിൽ താൻ ഭയപ്പെടുന്നില്ല, മറിച്ച് തനിക്ക് നിശബ്ദനായിരിക്കാനാവില്ലെന്നും, ക്രിസ്തു എന്ന പോരാളിയെ വഴികാട്ടിയായി സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് അജി പുതിയപറമ്പിൽ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here