ഓട്ടോ ഡ്രൈവറുടെ വീട്ടിലെ ഗുണ്ടാ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍; തിരയുന്നത് 25 അംഗ സംഘത്തെ; അക്രമണത്തില്‍ ആറുപേര്‍ക്ക് പരുക്ക്; ഓട്ടോയും കാറും തകര്‍ത്തു
താമരശ്ശേരി: പരപ്പന്‍പൊയിലില്‍ ഓട്ടോ ഡ്രൈവറുടെ വീട് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഗുണ്ടാ സംഘത്തിലെ ഒരാള്‍ പിടിയിലായിട്ടുണ്ട്. ആക്രമണത്തില്‍ ആറുപേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ നൗഷാദിന്റെ പിതാവ് പരപ്പന്‍പൊയില്‍ ഹംസ, മൈമൂന, മുനീറ, ഷാഫി, ഷംനാസ്, ഷഫ്രി എന്നിവര്‍ക്കാണ് പരുക്ക്. ഓട്ടോറിക്ഷയുടെ ഹോണ്‍ മുഴക്കിയതിന്റെ പേരിലുള്ള തര്‍ക്കമാണ് പിന്നീട് വീടുകയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്.
25 അംഗ അക്രമി സംഘത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. അതില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്-താമരശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ഒ.പ്രദീപ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രശ്നങ്ങളുടെ തുടക്കം. പരപ്പന്‍പൊയില്‍ അങ്ങാടിയില്‍ വെച്ച് ഏതാനുംപേര്‍ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ നൗഷാദിനെ മര്‍ദിച്ചു. പരുക്കേറ്റ നൗഷാദ് കഴിഞ്ഞ ദിവസമാണ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയത്. ഇതറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കളിലൊരാള്‍ അക്രമികളില്‍ ഒരാളെ ചോദ്യം ചെയ്തു. ഇത് പിന്നീട് തര്‍ക്കവും കയ്യേറ്റവുമായി.
നൗഷാദിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് നൗഷാദിന്റെ വീട്ടിലെത്തി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. നൗഷാദിന്റെ രണ്ടു ഓട്ടോകളും ബന്ധുക്കളുടെ കാറും അക്രമത്തില്‍ തകര്‍ന്നു. വീടിന്റെ ജനല്‍ ചില്ലുകളും അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here