ലഹരിക്ക് അടിമയെങ്കിലും ഭാര്യയെ ക്രൂരമായി കൊന്നത് സ്വബോധത്തില്‍; താമരശ്ശേരി പോലീസും മറുപടി പറയണം

ലഹരിക്ക് അടിമയാണെങ്കിലും ഭാര്യ ഷിബിലയെ കുത്തിക്കൊന്ന സമയത്ത് യാസര്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് സ്ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഇതോടെ ആസൂത്രണത്തോടെ നടത്തിയ ക്രൂരകൊലപാതകം ആണെന്നാണ് വ്യക്തമാകുന്നത്. വീട്ടുകാരെ ധിക്കരിച്ച് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഷിബിലയും യാസറും.
വിവാഹത്തിന് മുന്‍പേ തന്നെ യാസര്‍ ലഹരിക്ക് അടിമയായിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് ഷിബിലയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തത്. എന്നാല്‍ ഇത് അവഗണിച്ച് ഇരുവരും വിവാഹിതരായി. ഒരു മകളും ജനിച്ചു. എന്നാല്‍ യാസറിന്റെ ലഹരി ഉപയോഗവും അതിനുശേഷമുളള പീഡനവും സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഷിബില മകളുമായി മൂന്ന് മാസം മുമ്പ് സ്വന്തം വീട്ടിലേക്ക് മാറിയത്. അകന്നുകഴിയുമ്പോഴും ഫോണ്‍വിളിച്ചും സാമൂഹികമാധ്യമങ്ങള്‍ വഴിയും യാസര്‍ ഉപദ്രവം തുടര്‍ന്നിരുന്നു.
ഇതോടെയാണ് ഷിബില താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഫെബ്രുവരി 28-ന് നല്‍കിയ പരാതിയില്‍ പോലീസ് കാര്യമായ നടപടി എടുത്തില്ല. പകരം മധ്യസ്ഥചര്‍ച്ചയില്‍ നടപടി ഒതുക്കി പറഞ്ഞുവിട്ടു. വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷിബിലയുടെയും മകളുടേയും വസ്ത്രങ്ങള്‍ യാസര്‍ കൂട്ടിയിട്ടുകത്തിച്ചു. ഈ ദൃശ്യങ്ങള്‍ വാട്സാപ്പില്‍ പങ്കുവെക്കുകയും ചെയ്തു. ഇക്കാര്യം അറിയിച്ചിട്ടും പോലീസ് നടപടിയുണ്ടായില്ല. പോലീസിന്റെ അലംഭാവം തന്നെയാണ് കൊലയില്‍ എത്തിച്ചത് എന്ന ആരോപണം ഉയരുന്നുണ്ട്.
യാസര്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടത്തിയത്. ഇതിനായി പുതിയ കത്തി വാങ്ങി സൂക്ഷിച്ചു. ഇത് ബാഗിലാക്കിയാണ് ഷിബിലയുടെ വീട്ടിലെത്തിയത്. മൂന്നുവയസുകാരി മകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി എത്തിയെന്ന് പറഞ്ഞാണ് വീട്ടില്‍ കയറിയത്. പിന്നാലെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് കാറില്‍ രക്ഷപ്പെട്ടത്. ഇയാളെ രാത്രി 12 മണിയോടെ മെഡിക്കല്‍ കോളേജ് പാര്‍ക്കിങ്ങില്‍ വച്ച്് പോലീസ് പിടികൂടി. കഴിഞ്ഞ മാസം 18ന് ലഹരിയില്‍ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്താണ് യാസര്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here