തങ്കമണി സിനിമ പേര് മാറ്റില്ല, റിലീസ് ഉടൻ; പരാതികളെല്ലാം സെൻസർ ബോർഡ് തള്ളി; നിർണായകമായത് ‘ടീം ദിലീപ്’ സ്വീകരിച്ച നിലപാട്

തിരുവനന്തപുരം: ദിലീപ് ചിത്രമായ തങ്കമണി പേരു മാറ്റാതെ തന്നെ തിയേറ്ററിലെത്തും. തങ്കമണിയില്‍ ജയിച്ചത് ‘ടീം ദിലീപിന്റെ’ ഉറച്ച മനസ്സാണ്. ഇടുക്കി തങ്കമണിയില്‍ 1986ലുണ്ടായ സംഭവം പ്രമേയമാക്കി രതീഷ് രഘുനന്ദനന്‍ സംവിധാനം ചെയ്ത ‘തങ്കമണി’ സിനിമയില്‍ നിന്ന് സാങ്കല്‍പിക ബലാത്സംഗ രംഗങ്ങളടക്കം ഒഴിവാക്കണമെന്നത് അടക്കമുള്ള പരാതിക്കാരന്റെ ആവശ്യം എല്ലാം തള്ളി സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിരിക്കുന്നു. തങ്കമണിയെന്ന പേരും സിനിമയുടെ ടാഗ് ലൈനായ ബ്ലീഡിംഗ് വില്ലേജും മാറ്റണമെന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഇത് രണ്ടും സെന്‍സര്‍ ബോര്‍ഡ് തള്ളി. പേരു മാറ്റാതെ തന്നെ തങ്കമണി ഉടന്‍ റിലീസ് ചെയ്യും.

1986ല്‍ കേരള രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ച രാഷ്ട്രീയ വിവാദമാണ് തങ്കമണി വെടിവയ്പ്പും തുടര്‍ന്നുള്ള സംഭവവും. ഇത് വെള്ളിത്തരയിലേക്ക് വീണ്ടുമെത്തുമ്പോള്‍ അതും കോടതി കയറി. മലയാള സിനിമാ ലോകത്തെ പോലും ആശങ്കയിലാക്കി. സിനിമ മുഴുവന്‍ ചിത്രീകരിച്ച ശേഷം സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ നിന്നൊരു പരാമര്‍ശമുണ്ടായാല്‍ അത് വലിയ തിരിച്ചടിയാകുമായിരുന്നു. വേണമങ്കില്‍ സിനിമയുടെ പേര് മാറ്റി രക്ഷപ്പെടാമായിരുന്നു ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും ഇതിനൊപ്പം നായക നടനും. പക്ഷേ അവര്‍ നിയമ യുദ്ധത്തിന് തയ്യാറായി. അങ്ങനെ സെന്‍സര്‍ ബോര്‍ഡിന് മുന്നിലേക്ക് ഹൈക്കോടതി ഇട്ട വിഷയത്തിലാണ് ടീം ദിലീപ് വിജയം നേടുന്നത്.

വിദഗ്ധ സമിതിയെ നിയോഗിച്ചാണ് സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സിനിമ കണ്ട് വിശകലനം ചെയ്ത സെന്‍സര്‍ ബോര്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ പരാതിക്കാരന്റെ ആവശ്യം എല്ലാം തള്ളി. ഭൃമയുഗം എന്ന മമ്മൂട്ടി ചിത്രവും പേര് വിവാദത്തില്‍ കുടുങ്ങിയിരുന്നു. ഈ ആവശ്യവും ഹൈക്കോടതിയില്‍ എത്തിയിരുന്നു. കഥാപാത്രത്തിന്റെ പേരു മാറ്റാമെന്ന നിലപാട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എടുത്തതോടെ കേസ് ഒത്തുതീര്‍പ്പായി. ഇതേ വഴി സ്വീകരിക്കാന്‍ നിര്‍മ്മതാക്കളും നടന്‍ ദിലീപും തങ്കമണിയുടെ സംവിധായകന്‍ രതീഷ് രഘുനന്ദനനും തയ്യാറായില്ല. അവര്‍ നിയമ പോരാട്ടം തുടര്‍ന്നു. ഇതോടെ വിഷയം സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി വിട്ടു. വിശദമായി സിനിമ കണ്ട ശേഷമാണ് ചിത്രത്തിന് യു-എ സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് നല്‍കുന്നത്. ചില അക്രമ രംഗങ്ങളിലും മറ്റും നേരിയ തിരുത്തലുകള്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

ഉടല്‍ എന്ന കന്നി സിനിമ വന്‍ വിജയമാക്കിയ സംവിധായകനാണ് രതീഷ് രഘുനന്ദനന്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ദിലീപിന്റെ കരിയറിലെ 148-ാമത് സിനിമയാണ് ‘തങ്കമണി’. ചിത്രത്തില്‍ മലയാളത്തിലേയും, തമിഴിലേയും ഒരു വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അക്രമവും പൊലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി യഥാര്‍ഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി തങ്കമണി സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആയിരുന്നു ഹര്‍ജി പരിഗണിച്ചത്. പരാതിക്കിടയാക്കിയ വിഷയങ്ങള്‍ സ്‌ക്രീനിങ്ങില്‍ പരിശോധിക്കുമെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിന് അനുസരിച്ചാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്. വിദ്യാര്‍ഥികളും സ്വകാര്യബസിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നും മറ്റ് മാനങ്ങള്‍ നല്‍കിയുള്ള ചിത്രീകരണം തങ്കമണിയിലെ ഗ്രാമീണരോടുള്ള വിവേചനമാണെന്നും മൗലികാവകാശ ലംഘനമാണെന്നും പരാതിക്കാരന്‍ ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലൊന്നും ഇടപെടാന്‍ ഹൈക്കോടതി തയ്യാറായില്ല. മറിച്ച് സെന്‍സര്‍ ബോര്‍ഡിനോട് വിഷയം പരിശോധിച്ച് തീരുമാനിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഹൈക്കോടതിയില്‍ ദിലീപും രതീഷ് രഘുനന്ദനനും എടുത്ത നിലപാടാണ് നിര്‍ണ്ണായകമായത്. തങ്കമണി സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ പ്രദേശത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് വാസ്തവ വിരുദ്ധമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് തങ്കമണി സ്വദേശി ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ഇത്തരം രംഗങ്ങളൊന്നും ചിത്രത്തില്‍ ഇല്ലെന്ന വിലയിരുത്തലാണ് സെന്‍സര്‍ ബോര്‍ഡിനുണ്ടായതെന്നാണ് ലഭിക്കുന്ന സൂചന.

എന്താണ് തങ്കമണി സംഭവം?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജും വെടിവയ്പ്പുമുണ്ടായി. വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന് അന്ന് കേരള രാഷ്ട്രീയ കേരളം നടുങ്ങി. 1986 ഒക്ടോബര്‍ 21 നാണ് സംഭവം നടന്നത്. ജില്ലയിലെ കട്ടപ്പന-തങ്കമണി റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ”എലൈറ്റ്” എന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണു കേരളത്തെ നടുക്കിയ ആ സംഭവത്തിലേക്ക് വഴിവച്ചത്.

1986 കാലഘട്ടത്തില്‍ പാറമടയില്‍ നിന്നും തങ്കമണിവരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു. കട്ടപ്പനയില്‍നിന്നും തങ്കമണിയിലേക്ക് സര്‍വീസ് നടത്തുന്ന മിക്ക ബസുകളും, പാറമട കഴിയുമ്പോള്‍ ആളുകളെ ഇറക്കിവിടുകയും തങ്കമണി വരെയുള്ള പണം ഈടാക്കുകയും ചെയ്തിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഇതിനെ ചോദ്യം ചെയ്തു. ബസ് തങ്കമണി വരെ പോകണമെന്നും പറഞ്ഞു. ഈ ആവശ്യം തര്‍ക്കമായി. കണ്ടക്ടര്‍ വിദ്യാര്‍ഥിയെ വണ്ടിയില്‍ നിന്നും മര്‍ദ്ദിച്ചു പുറത്താക്കി. പിന്നെ ബസിനെതിരെ വികാരം ആളിക്കത്തി.

ബസിലെ തൊഴിലാളികള്‍ ചെയ്ത പ്രവര്‍ത്തിക്കു മാപ്പു പറയണ ജനങ്ങളുടെ ആവശ്യം നിരാകരിച്ച ബസ് ഉടമയായ ദേവസ്യ, കട്ടപ്പനയില്‍ നിന്ന് പോലീസുമായെത്തി ബസ് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷമായത്. അടുത്ത ദിവസം പോലീസ് വീണ്ടും എത്തി. പിന്നെ നടന്നത് നരനായാട്ടും.

പരിസരത്ത് എത്തിയ പോലീസിന്റെ ഇടപെടല്‍ നാട്ടുകാരെ രോഷാകുലരാക്കി. പോലീസ് ജനക്കൂട്ടത്തിനുനേരെ ലാത്തിവീശിയപ്പോള്‍ ജനങ്ങള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. തങ്കമണിയില്‍നിന്നും കാമാക്ഷിയിലെക്കുള്ള മോശമായ വഴിയിലൂടെ ജീപ്പില്‍ രക്ഷപെടാന്‍ ശ്രമിച്ച പോലീസിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് കല്ലെറിഞ്ഞു. ഇത് പോലീസുകാരില്‍ വൈരാഗ്യം ഉണ്ടാവാന്‍ കാരണമായി. ഇതാണ് കൊടിയ പോലീസ് മർദനത്തിലേക്ക് നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും തങ്കമണി സംഭവം വലിയ തലവേദനയായി മാറി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top