തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ടോടെ സന്നിധാനത്തെത്തും; തിരക്ക് തുടരുന്നു
പത്തനംതിട്ട: ശബരിമയിലേക്കുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ടോടെ സന്നിധാനത്തെത്തും. മണ്ഡല പൂജയ്ക്കുമുന്നോടിയായാണ് തങ്ക അങ്കി ഘോഷയാത്ര. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്. ഉച്ചയോടെ പമ്പയിലെത്തും.
ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗിക സ്വീകരണം നല്‍കും. 6.15-ന് സന്നിധാനത്തെത്തിയശേഷം, 6.30-ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. ബുധനാഴ്ച രാവിലെ 10.30-നും 11.30-നുമിടയ്ക്കാണ് മണ്ഡലപൂജ. 27-ന് അടയ്ക്കുന്ന നട, മകരവിളക്ക് ഉത്സവത്തിനായി 30-ന് അഞ്ചുമണിക്ക് തുറക്കും.
തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ മലചവിട്ടുന്നതിന് നിയന്ത്രണമുണ്ടാവും. സന്നിധാനത്തേക്കുള്ള തീര്‍ഥാടകപ്രവാഹം തുടരുകയാണ്. പമ്പ മുതല്‍ സന്നിധാനം വരെ ഭക്തരെ ഘട്ടംഘട്ടമായാണ് കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ ഡിജിപി നേരിട്ട് ഇടപെടണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here