തങ്കമ്മയ്ക്ക് വീട് വെച്ച് നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് വെറുതെ; കെ റെയില്‍ വിരുദ്ധ സമിതിയുടെ വാഴക്കുല ലേലം കൊണ്ട് തങ്കമ്മയ്ക്ക് വീടുയരും; ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ വീട് നിര്‍മ്മാണത്തിന് ഈ മാസം 27ന് തുടക്കമാകും

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയില്‍ അനിശ്ചിതത്വത്തില്‍ തുടരുമ്പോള്‍ കെ റെയില്‍ വിരുദ്ധ സമരസമിതിക്കാരുടെ വാഴക്കുല വിളവെടുപ്പും ലേലവും തുടരുന്നു. കെ റെയില്‍ പ്രോജക്ടിനായി സര്‍ക്കാര്‍ കണ്ടുവച്ച സ്ഥലത്താണ് സമരസമിതിക്കാര്‍ വാഴക്കുല നട്ടത്. കഴിഞ്ഞ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വച്ച വാഴകളുടെ വിളവെടുപ്പും ലേലവുമാണ് ഇപ്പോള്‍ നടക്കുന്നത്. പദ്ധതി കൊണ്ട് വഴിയാധാരമാകുന്ന ഒരാള്‍ക്ക് വീട് വെച്ച് നല്‍കാനുള്ള മാർഗം കൂടിയാകുകയാണ് ഈ ലേലം. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി മഞ്ഞക്കുറ്റി സ്ഥാപിക്കപ്പെട്ട ചെങ്ങന്നൂരിലെ തങ്കമ്മയ്ക്ക് വീട് വച്ചു നല്‍കാനാണ് ഈ തുക ഉപയോഗിക്കുക. ഇന്നലെ വാഴക്കുല ലേലം നടന്നത് കോട്ടയം മാടപ്പളളിയിലാണ്. 49100 രൂപയ്ക്കാണ് വാഴക്കുലകൾ ലേലത്തില്‍ പോയത്.

ആയിരത്തില്‍ തുടങ്ങിയ ലേലം വിളി അവസാനിച്ചത് 49100 രൂപയിലാണ്. കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചെന്ന് ഉറപ്പാകും വരെ പ്രതിഷേധം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് സമരക്കാര്‍ പിരിഞ്ഞു പോയത്. ഇടത് സര്‍ക്കാരിനോടുള്ള പ്രതിഷേധമായി 99 എംഎല്‍എമാരുടെ പേരില്‍ വാഴകള്‍ വയ്ക്കാനാണ് കെ റെയില്‍ വിരുദ്ധ സമരസമിതി പദ്ധതിയിട്ടത്. കെ റെയിലിനായി
സര്‍ക്കാര്‍ മഞ്ഞക്കുറ്റി സ്ഥാപിച്ച സ്ഥലങ്ങളില്‍ വാഴകൾ വെച്ചു. ഈ വാഴകള്‍ സെക്രട്ടറിയറ്റിന് മുന്നില്‍ ലേലം വിളിക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് തങ്കമ്മയ്ക്ക് വീട് വെച്ച് നല്‍കാനുള്ള ധനസമാഹരണത്തിനായി തുക വിനിയോഗിക്കാന്‍ തീരുമാനിച്ചത്.

തങ്കമ്മയുടെ ചെറിയ കുടിലിന് മുന്നിലെ അടുപ്പിലാണ് കെ റെയില്‍ സർവേക്കാർ സ്ഥലം ഏറ്റെടുക്കുന്നതിനായി മഞ്ഞക്കുറ്റി സ്ഥാപിച്ചത്. രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമരസമിതിക്കാര്‍ മഞ്ഞക്കുറ്റി പിഴുതെറിഞ്ഞെങ്കിലും സജി ചെറിയാന്റെ നേതൃത്വത്തില്‍ സിപിഎമ്മുകാര്‍ വീണ്ടും കുറ്റി സ്ഥാപിച്ചു. തങ്കമ്മയ്ക്ക് വീട് വെച്ച് നല്‍കാമെന്ന് സജി ചെറിയാന്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിന് നടപടി ഉണ്ടായില്ല. ഇതോടെയാണ് വിരുദ്ധ സമര സമിതി തന്നെ തങ്കമ്മയ്ക്ക് വീട് നല്‍കാന്‍ തീരുമാനിച്ചത്. ഒന്‍പത് ലേലങ്ങള്‍ ഇതുവരെ നടന്നതായി സമരസമിതി ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

“ഇതുവരെ രണ്ടര ലക്ഷം രൂപ ലഭിച്ചു. രണ്ടര ലക്ഷത്തോളം രൂപ സമരസമിതിയുടെ കൈവശമുണ്ട്. ഇതെല്ലാം ചേര്‍ത്ത് എട്ട് ലക്ഷം രൂപ സമാഹരിക്കും. വീടിന്റെ കല്ലിടല്‍ ഈ മാസം 27ന് രമേശ്‌ ചെന്നിത്തല നിര്‍വഹിക്കും. ആറു മാസത്തിനുള്ളില്‍ രണ്ട് മുറികളുള്ള വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി തങ്കമ്മയ്ക്ക് കൈമാറും”-രാജീവന്‍ പറഞ്ഞു.

വാഴക്കുല ലേലത്തില്‍ ലഭിച്ച തുകയില്‍ നിന്നും 25000 രൂപ തങ്കമ്മയുടെ വീട് നിർമ്മാണ ഫണ്ടിനായി കൈമാറിയത് മുന്‍ എംഎല്‍എ ജോസഫ് എം. പുതുശ്ശേരിയാണ്. സര്‍ക്കാരിന്റെ യാഥാര്‍ഥ്യബോധമില്ലാത്ത പിടിവാശിക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഇതെല്ലാം. ഇപ്പോഴും കെ റെയിലിനായി സര്‍ക്കാര്‍ വാശിപിടിക്കുന്നതിന് പിന്നില്‍ യാതൊരു നീതീകരണവുമില്ലെന്നു ജോസഫ് എം.പുതുശ്ശേരി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

Logo
X
Top