താനൂര്‍ കസ്റ്റഡി മരണത്തില്‍ ഇന്ന് വീണ്ടും തിരിച്ചറിയല്‍ പരേഡ്; കോടതി അനുമതി സിബിഐയുടെ ആവശ്യത്തെ തുടര്‍ന്ന്; പരേഡ് ഹാജരാകാന്‍ കഴിയാത്ത സാക്ഷികള്‍ക്കുവേണ്ടി
കൊച്ചി: താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ പരേഡ് ഇന്നു വീണ്ടും നടത്തും. ഉച്ചകഴിഞ്ഞു മൂന്നിന് കാക്കനാട്ടെ ജില്ലാ ജയിലിലാണു പരേഡ്. കഴിഞ്ഞയാഴ്ച നടന്ന പരേഡില്‍ ഹാജരാകാന്‍ കഴിയാതിരുന്ന സാക്ഷികള്ക്കുവേണ്ടിയാണ് വീണ്ടും പരേഡ് നടത്തുന്നത്. സിബിഐയുടെ ആവശ്യം പരിഗണിച്ച് എറണാകുളം സിജെഎം കോടതിയാണ് പരേഡിന് അനുമതി നല്‍കിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിനായിരുന്നു എംഡിഎംഎ കൈവശം വച്ചെന്ന കേസിൽ തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയെയും കൂടെയുള്ളവരെയും മലപ്പുറം എസ്പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സേനയായ ഡാൻസാഫ് ടീം കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ചെ താമിർ ജിഫ്രി കൊല്ലപ്പെട്ടു. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം.
ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡാൻസാഫ് ടീമംഗങ്ങളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here