അത് തിരുവഞ്ചൂർ അല്ല, സ്ഥിരീകരിച്ച് വിനു വി ജോൺ; പിണറായിയുടെ ഗൺമാൻ അനിൽ കുമാറിനെ സംരക്ഷിച്ച അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാറിനെ സംരക്ഷിച്ച യുഡിഎഫ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനല്ല. നവംബര്‍ 16ലെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നടത്തിയ പരാമർശത്തിനാണ് അവതാരകൻ വിനു വി ജോൺ വ്യക്തത വരുത്തിയത്. ഒരു മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ ഫേസ്ബുക്കിൽ മോശം പരാമര്‍ശം നടത്തിയതിന് നടപടി നേരിട്ട അനില്‍ കുമാറിനെ അന്ന് സംരക്ഷിച്ചത് യുഡിഎഫ് സർക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്നു. നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചതിൻ്റെ പേരിൽ പ്രകടനം നടത്തിയവർ അത് നടത്തേണ്ടത് തല്ലിയ പോലീസുകാരുടെ വീട്ടിലേക്കാണോ അതോ സ്വന്തം നേതാവിന്റെ വീട്ടിലേക്കാണോ എന്ന് ആലോചിക്കണമെന്ന് പറഞ്ഞു തുടങ്ങിയാണ് വിനു വിശദീകരിച്ചത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഇക്കാര്യം വലിയ ചര്‍ച്ചയായി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നു. വിനുവിൻ്റെ പരാമർശത്തോടെ ഇരുവരും സംശയത്തിൻ്റെ നിഴലിലായി. ഇക്കാര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് തന്നെ വ്യക്തത വരുത്തിയിരിക്കുന്നത്.
‘ഗവര്‍ണറും മുഖ്യമന്ത്രിയും പോര്‍ വിളിക്കുമ്പോൾ’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെ വിനു വി.ജോണ്‍ പറഞ്ഞതിങ്ങനെ: “കഴിഞ്ഞ ദിവസം അനില്‍കുമാറിന്റെ കാര്യം ന്യൂസ് അവറില്‍ പറഞ്ഞിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ അവരെ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ അനില്‍കുമാറിനെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കി. അന്ന് പിണറായിയുടെ ഗണ്‍മാനായിരുന്ന അനില്‍കുമാറിനെ ഇന്റലിജന്‍സ് എഡിജിപിയായിരുന്ന സെന്‍കുമാര്‍ ഗണ്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് സര്‍ക്കാറിലെ ഒരു ആഭ്യന്തരമന്ത്രി അയാളെ തിരിച്ചെടുത്തു. അത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് കരുതി ഒരുപാടു പേര്‍ വിളിക്കുന്നതായി അദ്ദേഹം തന്നെ പറഞ്ഞു. അത് ഒന്ന് തിരുത്തണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. തിരുവഞ്ചൂര്‍ അല്ല ആ ആഭ്യന്തരമന്ത്രി. അദ്ദേഹത്തിന് ശേഷം ആ സ്ഥാനത്ത് എത്തിയയാളാണ് ആ ആഭ്യന്തരമന്ത്രി”.
രമേശ് ചെന്നിത്തലയുടെ പേര് പറയാതെ തന്നെ വ്യക്തമായ സൂചനയാണ് വിനു വി ജോൺ നൽകിയിരിക്കുന്നത്. അന്ന് ഇന്റലിജന്‍സ് എഡിജിപിയായിരുന്ന സെന്‍കുമാറും ഇന്നലത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിൽ വിശദീകരണം നല്‍കാന്‍ അദ്രഹം തയാറായില്ല. പകരം താന്‍ ഇന്റലിജന്‍സില്‍ ഉണ്ടായിരുന്നതു വരെ അനികുമാറിനെ തിരച്ചെടുത്തില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളിലും അതൃപ്തി പുകയുന്നുണ്ട്. പാർട്ടിയെയും പാർട്ടിക്കാരെയും നശിപ്പിക്കാൻ നിൽക്കുന്നവർക്ക് സ്വന്തം നേതാക്കൾ തന്നെ സംരക്ഷണം ഒരുക്കുന്നു എന്നതിൽ നിസ്സഹായരായി നിൽക്കാനേ പലർക്കും കഴിയുന്നുള്ളൂ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here