‘അത് നിങ്ങളുടെ പണമാണ്…’; അനന്ത് അംബാനിയുടെ വിവാഹം ചൂണ്ടിക്കാട്ടി മോദിക്കെതിരെ രാഹുൽ

വ്യവസായികൾക്ക് അവരുടെ മക്കൾക്ക് സഹസ്രകോടികൾ ചെലവഴിക്കാൻ കഴിയുന്ന സാമ്പത്തിക ഘടനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ചതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ ബഹാദുർഗഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവിൻ്റെ കടന്നാക്രമണം.
“നിങ്ങൾ അംബാനിയുടെ കല്യാണം കണ്ടിട്ടുണ്ടോ? കല്യാണത്തിന് അംബാനി കോടികൾ ചിലവഴിച്ചു. ഇത് ആരുടെ പണമാണ്? ഇത് നിങ്ങളുടെ പണമാണ്. നിങ്ങളുടെ മക്കളെ വിവാഹം കഴിപ്പിക്കാൻ നിങ്ങൾ ബാങ്ക് വായ്പ എടുക്കുന്നു. രാജ്യത്തെ 25 പേർക്ക് മാത്രമേ ഇത്തരത്തില്‍ കോടികള്‍ ചെലവഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഘടനയാണ് നരേന്ദ്ര മോദി ഉണ്ടാക്കിയിരിക്കുന്നത്. അവര്‍ വിവാഹത്തിന് കോടികളാണ് ചെലവാക്കുന്നത്, എന്നാൽ ഒരു കർഷകന് കടത്തിൽ മുങ്ങി മാത്രമേ ഒരു കല്യാണം നടത്താൻ കഴിയൂ. ഇത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്” – രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അഗ്‌നിവീർ പദ്ധതിയിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളിൽ നിന്ന് പെൻഷനും മറ്റ് ആനുകൂല്യങ്ങളും തട്ടിയെടുക്കാനാണ് പദ്ധതി ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് അദാനിക്ക് തീറെഴുതി. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അഗ്‌നിവീർ സംവിധാനം ഇല്ലാതാക്കുമെന്ന് കോൺഗ്രസ് പാർട്ടി പലതവണ പറഞ്ഞിരുന്നു. ഹരിയാനയിലെ സ്ത്രീകൾക്ക് അധികാരത്തിലെത്തിയാൽ പ്രതിമാസം 2000 രൂപ ലഭിക്കുന്ന പരിപാടി നടപ്പാക്കുമെന്നും കോൺഗ്രസ് നേതാവ് പ്രഖ്യാപിച്ചു.
അതേസമയം, ഇളയമകനായ അനന്തിൻ്റെ വിവാഹത്തിനായി അംബാനി 5000 കോടിയോളം രൂപ മുടക്കിയെന്നാണ് റിപ്പോർട്ടുകൾ. അനന്ത് അംബാനി -രാധിക മെര്‍ച്ചൻ്റ് വിവാഹത്തിൻ്റെ പ്രീ വെഡിങ് ആഘോഷങ്ങള്‍ക്ക് വേണ്ടി മാത്രം 2000 കോടി രൂപയ്ക്ക് മുകളിലാണ് മുകേഷ് അംബാനി ചെലവഴിച്ചിരിക്കുന്നത്. മറ്റൊരു മകനായ ആകാശിൻ്റെ വിവാഹത്തിനും അംബാനി കോടികളായിരുന്നു അംബാനി ചെലവഴിച്ചത്. ഇതിൻ്റെ കണക്കുകൾ അംബാനി പുറത്തുവിട്ടിരുന്നില്ല. 2019 മാര്‍ച്ചിലായിരുന്നു ആകാശ് അംബാനി – ശ്ലോക മേഹ്ത വിവാഹം.ഒരു വിവാഹ ക്ഷണക്കത്തിന് മാത്രം 1.5 ലക്ഷം രൂപയാണ് ചിലവാക്കിയത്. 2018ലായിരുന്നു ഇപ്പോള്‍ അംബാനിയുടെ മകളായ ഇഷയും പ്രമുഖരായ പിരമൽ ബിസിനസ് കുടുംബത്തിലെ ആനന്ദ് പിരമലും തമ്മിലുള്ള കല്ല്യാണം. 830 കോടി രൂപയാണ് ഇതിനായി മുകേഷ് അംബാനി ചെലവിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here