2 ടീം മാത്രം വയനാട്ടിൽ തുടരും; മുണ്ടക്കൈയിൽ നിന്നും സൈന്യം മടങ്ങി
ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് ദുരന്തഭൂമിയിൽ നിന്നും രക്ഷാ പ്രവർത്തനം പൂർത്തിയാക്കി സൈന്യം മടങ്ങി. സൈന്യത്തിന്റെ 2 ടീം മാത്രമാണ് സ്ഥലത്ത് തുടരുന്നത്. ഹെലികോപ്റ്റർ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്താനുമുള്ള സംഘമാണിത്.
ദുരന്തമുഖത്ത് നിസ്വാർത്ഥമായി പ്രവർത്തിച്ച സേനാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകി. രക്ഷാദൗത്യത്തിനായി ജനങ്ങൾ നൽകിയ സഹകരണത്തിന് സൈന്യം നന്ദി അറിയിച്ചു. സൈന്യത്തിന്റെ സേവനത്തിന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും നന്ദിയറിയിച്ചു. ചെയ്യാനാകുന്നതെല്ലാം സൈന്യം ചെയ്തെന്നും ഒത്തൊരുമിച്ച് ഒരു ശരീരം പോലെ പ്രവർത്തിച്ചെന്നും മന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിശമന സേന, പോലീസ് എന്നീ സേനകൾക്ക് കൈമാറുമെന്ന് സൈന്യം അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നീ ബറ്റാലിയനുകളിൽ നിന്നെത്തിയ 500 സൈനികരാണ് മടങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here