പൂജാദ്രവ്യങ്ങൾ കൊണ്ട് ചിതയൊരുക്കി ജ്യോതിഷി ആത്മഹത്യ ചെയ്തു; വീട്ടിലെത്തിയവര്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം

തിരുവനന്തപുരം: വെള്ളറടയിൽ പൂജാദ്രവ്യങ്ങൾ കൊണ്ട് സ്വയം ചിതയൊരുക്കി ജ്യോതിഷി ആത്മഹത്യ ചെയ്തു. ചൂണ്ടികൽക്കര പുത്തൻവീട്ടിൽ പത്മിനിയാണ് (65) കട്ടിലിനടിയിൽ വസ്ത്രങ്ങൾ കൂട്ടിയിട്ട് സ്വയം തീകൊളുത്തി മരിച്ചത്. കുടുംബ ക്ഷേത്രത്തോട് ചേർന്ന് പൂജ ചെയ്യുന്ന വീട്ടിലാണ് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
വർഷങ്ങളായി ജ്യോതിഷവും പൂജാ കർമ്മങ്ങളും നടത്താറുള്ളതാണ് പത്മിനി. മരണസമയം അടുക്കാറായെന്ന് ഇവർ പറയുന്നുണ്ടായിരുന്നെന്ന് മൂത്ത മകളായ മഞ്ജു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. രാവിലെ ജ്യോതിഷിയെ തേടിയെത്തിവര്‍ വാതിൽ തുറക്കാത്തത് കാരണം സമീപത്തുള്ളവരെ വിളിച്ചു വരുത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. പൂർണമായി കത്തി നശിച്ച ശരീരത്തിൽ തലയോട്ടിയുടെയും എല്ലിന്റെയും ഭാഗങ്ങൾ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.
പേരക്കുട്ടിയുടെ വിവാഹത്തിനായി നല്കാനിരുന്ന സ്വർണാഭരണങ്ങളും മറ്റും മൂത്തമകളുടെ ഭർത്താവിനെ തലേ ദിവസം പത്മിനി ഏൽപ്പിച്ചിരുന്നു. പൂജയ്ക്കായി ദൂര സ്ഥലങ്ങളിൽ പോകാറുള്ളപ്പോൾ ഇതുപോലെ ഏല്പിക്കുന്നതിനാൽ ആർക്കും ഒരു സംശയവും തോന്നിയിലെന്ന് വാർഡ് മെമ്പറായ സുഷമ കുമാരിയമ്മ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
ആത്മഹത്യയാണെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം. ഡി എൻ എ പരിശോധനക്കായി സാമ്പിളുകൾ കൈമാറിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here