സ്വർണത്തിനായി ഇന്ത്യൻ താരങ്ങൾ തമ്മിൽ പോരാട്ടം; ഒടുവിൽ സ്വർണം എറിഞ്ഞിട്ട് നീരജ്
ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിലെ പുരുഷ ജാവലിൻ ത്രോ മത്സരത്തിൽ സ്വർണത്തിനായി പോരാട്ടം നടന്നത് ഇന്ത്യൻ താരങ്ങൾ തമ്മിൽ. ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയും കിഷോർ കുമാർ ജെനയുമാണ് സ്വർണത്തിനായി പോരാടിയത്. ഒടുവിൽ 88.88 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. 87.54 മീറ്റർ ദൂരം കണ്ടെത്തിയ കിഷോർ വെള്ളിയും നേടി.
പുരുഷ റിലേയിൽ സ്വർണവും വനിതാ റിലേയിൽ വെള്ളിയും ഇന്ന് ഇന്ത്യ സ്വന്തമാക്കി. പുരുഷൻമാരുടെ 4×400 മീറ്റർ റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന ടീമാണ് സ്വർണം നേടിയത്.
വനിതകളുടെ 4×400 മീറ്റർ റിലേയിൽ വിത്യ, ഐശ്വര്യ, പ്രാചി, ശുഭ എന്നിവര്‍ വെള്ളി നേടി. പുരുഷൻമാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം അവിനാഷ് സാബ്‍ലെയ്ക്കു വെള്ളിയും സ്വന്തമാക്കി. വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം ഹർമിലൻ ബെയ്ൻസ് വെള്ളി നേടിയപ്പോൾ 87 കിലോ പുരുഷ വിഭാഗം ഗുസ്തിയിൽ സുനിൽ കുമാർ വെങ്കലവും സ്വന്തമാക്കി. 18 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമുൾപ്പെടെ ആകെ 81 മെഡലുകളുമായി മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here