നവവധുവിനെ ക്രൂരമായി മര്‍ദിച്ച രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച പോലീസുകാരനും ഒളിവില്‍; മുന്‍‌കൂര്‍ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയില്‍; പ്രതികളും മുന്‍‌കൂര്‍ ജാമ്യം തേടി കോടതിയില്‍

കോഴിക്കോട്: പന്തീരാങ്കാവ് നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മുഖ്യപ്രതി രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ കെ.ടി.ശരത് ലാലും ഒളിവിലെന്ന് അന്വേഷണസംഘം. ഒളിവിലിരുന്ന് മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഇയാളെ ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വീണ്ടും പരിഗണിക്കുന്നതിനും കോടതി വാദംകേള്‍ക്കാനും 31-ലേക്ക് മാറ്റി. ഒന്നാംപ്രതിയെ രക്ഷപ്പെടാന്‍ താന്‍ സഹായിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം.

ജാമ്യഹര്‍ജി പരിഗണിക്കുന്ന 31ന് പോലീസ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം യുവതിയുടെ രഹസ്യമൊഴി വ്യാഴാഴ്ച മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയായ രാഹുലിന്റെ അമ്മ രണ്ടാംപ്രതി ഉഷാകുമാരി, സഹോദരി മൂന്നാംപ്രതി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി 27-ന് പരിഗണിക്കും. അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞദിവസം വൈകീട്ടോടെ ഡിസ്ചാര്‍ജ് ചെയ്തു.

പോലീസ് വീട് പൂട്ടി താക്കോലുമായി പോയതിനാല്‍ വളരെ ബുദ്ധിമുട്ടിയെന്നും ആശുപത്രിയില്‍ക്കഴിയുന്ന സമയം വീട്ടില്‍നിന്ന് വസ്ത്രംപോലും എടുക്കാന്‍ സാധിച്ചില്ലെന്നും കാണിച്ച് മനുഷ്യാവകാശ കമ്മിഷനും വനിതാകമ്മിഷനും അമ്മയും സഹോദരിയും പരാതി നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top