‘നമോ ഭാരത്’, സെമി ഹൈ സ്പീഡ് റീജനൽ ട്രെയിനിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ,പരിഹസിച്ച് കോണ്‍ഗ്രസ്‌

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് റീജനൽ ട്രെയിനിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. ആദ്യം തീരുമാനിച്ചിരുന്ന റാപിഡ് എക്സ് എന്ന പേരാണ് ‘നമോ ഭാരത്’ എന്നാക്കി മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഉത്തർപ്രദേശിലെ സാഹീബാബാദ് – ദുഹായ് ഡിപ്പോയിലേക്കുള്ള ആദ്യ ട്രെയിനാണിത്.

പേരു മാറ്റത്തിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ‘നമോ സ്‌റ്റേഡിയത്തിന് പിന്നാലെ നമോ ട്രെയിനും, മോദിയുടെ ആത്മാനുരാഗത്തിന് അതിർവരമ്പുകളില്ലെന്ന്’ ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. ‘ഭാരത് എന്ന പേര് വേണ്ടെന്നും രാജ്യത്തിന്റെ പേര് മാറ്റി നമോ എന്നാക്കി മാറ്റണമെന്നും’ കോൺഗ്രസ് വക്താവ് പവൻ ഖേര പരിഹസിച്ചു.

രാവിലെ ആറ് മുതൽ രാത്രി 11 വരെ ഓരോ 15 മിനിറ്റ് ഇടവിട്ടാണ് ഈ പാതയിൽ അതിവേഗ ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്. സാഹിബാബാദിൽ നിന്നും ദുഹായ് ഡിപ്പോയിലേക്കുള്ള യാത്രയ്ക്ക് ജനറൽ കംപാർട്ട്മെന്റിൽ 20 മുതൽ 50 രൂപ വരെയാണ് നിരക്ക്. പ്രീമിയം ക്ലാസ് യാത്രയ്ക്ക് ദൂരത്തിന്റെ അടിസ്ഥാനത്തിൽ 100 രൂപ വരെയാകും നിരക്ക്. ട്രെയിനുകൾക്ക് 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും. എന്നാൽ ആദ്യ ഘട്ടത്തിൽ ഇത്രയും വേഗത്തിൽ ട്രെയിൻ സർവീസ് നടത്തില്ല. ഡൽഹി മീററ്റ് പാത ആകെ 82 കിലോമീറ്ററാണുള്ളത്. പൂർത്തിയായ സാഹീബാബാദ് – ദുഹായ് പാത 17 കിലോമീറ്ററാണ്.

രാജ്യത്തെ ആദ്യത്തെ ആർആർടിഎസ് പദ്ധതിയായ ഡൽഹി മീററ്റ് പാത 2025 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സെമി ഹൈസ്പീഡ് ട്രെയിൻ സർവ്വീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top