പ്രൊപ്പഗാന്താ മീഡിയയാണ് രാജ്യത്ത് ഉള്ളതെന്ന് അരുന്ധതി റോയ്; ജാതി വിവേചനത്തിൽ ഇടപെടാൻ കമ്മ്യൂണിസ്റ്റുകൾക്ക് പോലും സാധിച്ചിട്ടില്ല

തിരുവനന്തപുരം: രാജ്യത്തെ മാധ്യമങ്ങൾക്ക് സ്വതന്ത്രമായ തീരുമാനമില്ലെന്ന് അരുന്ധതി റോയ്. പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്ന പ്രൊപ്പഗാന്താ മീഡിയ മാത്രമാണ് ഇവിടെയുള്ളത്. കഴിവുള്ള മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടമാകുന്ന സ്ഥിതിയാണ്. യഥാർത്ഥ മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് സമൂഹമാധ്യമങ്ങൾ വഴി പ്രവർത്തിക്കേണ്ട അവസ്ഥയാണെന്നും അരുന്ധതി റോയ് പറഞ്ഞു. ഫോറം ഓഫ് റിലീജിയസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ജാതി വിവേചനത്തിൽ കാര്യക്ഷമമായി ഇടപെടാൻ രാജ്യത്തെ കമ്മ്യൂണിസ്റ്റുകൾക്ക് പോലും സാധിച്ചിട്ടില്ല ജാതി എല്ലാകാലത്തും ഐക്യം തകർത്തിട്ടേയുള്ളൂ. ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്ന രീതിയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. സമൂഹത്തിന്റെ അധഃപതനമായിരിക്കും ഇതിന്റെ ഫലം. ജനാധിപത്യത്തിന് വേണ്ടി പോരാടാൻ തയാറാകണമെന്നും അരുന്ധതി റോയ് വ്യക്തമാക്കി.

ജാതിവിവേചനം ലിംഗവിവേചനം തുടങ്ങി സമൂഹത്തിലെ എല്ലാ തലത്തിലും പരിഷ്കരണം വന്നാൽ മാത്രമേ രാജ്യത്ത് പുരോഗതി ഉണ്ടാകുവെന്നും അല്ലാത്തപക്ഷം വനിതാ സംവരണ നിയമം പോലുള്ളവ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അരുന്ധതി പറഞ്ഞു.

Logo
X
Top