പുർകായസ്ഥയുടെ ഹർജി അംഗീകരിച്ച് കോടതി; എഫ്ഐആര്‍ കോപ്പി നൽകാൻ ഡൽഹി പോലീസിന് നിർദേശം

ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ഥയുടേയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയുടേയും ഹർജി അംഗീകരിച്ച് ഡൽഹി പട്യാല അഡീഷണണൽ സെഷൻ കോടതി. തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. എഫ്ഐആർ കോപ്പി നൽകുന്നതിനെ ഡൽഹി പോലീസ് എതിർത്തു. എന്നാൽ ഇരുഭാഗത്തിൻ്റെയും വാദം കേട്ട ശേഷം എഫ്ഐആർ നൽകാൻ അഡീഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗർ ഡൽഹി പോലീസിനോട് നിർദ്ദേശിച്ചു.

ഒക്‌ടോബർ മൂന്നിന് നീണ്ട ചോദ്യം ചെയ്യലിനും നിരവധി സ്ഥലങ്ങളിൽ നടത്തിയ പരിശോധനകൾക്കും ശേഷമാണ് പുർകാസ്ഥയെയും ചക്രവർത്തിയെയും പോലീസ് അറസ്റ്റ് ചെയ്തത്. എഫ്‌ഐആർ പകർപ്പോ റിമാൻഡ് ഉത്തരവോ തങ്ങൾക്കോ ​​അഭിഭാഷകനോ നൽകിയിട്ടില്ലെന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു.എന്നാൽ ഡൽഹി പോലീസ് ഹർജിയെ എതിർക്കുകയും കേസ് സെൻസിറ്റീവ് ആണെന്നും ഇത്തരം കേസുകളിൽ പോലീസിന് എഫ്‌ഐആർ പ്രതികൾക്ക് തടഞ്ഞ് വെക്കാമെന്നും കോടതിയിൽ വാദിച്ചു. എഫ്‌ഐആറിന്റെ പകർപ്പ് ലഭിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്ന് പുർകായസ്ഥയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അർഷ്ദീപ് സിംഗ് കോടതിയിൽ മറുപടി നൽകി. തുടർന്ന് ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

യുഎപിഎയുടെ 13 (നിയമവിരുദ്ധ പ്രവർത്തനങ്ങൾ), 16 (ഭീകരപ്രവർത്തനം), 17 (ഭീകരപ്രവർത്തനത്തിനായി ധനശേഖരണം), 18 (ഗൂഢാലോചന), 22 സി (കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ) എന്നീ വകുപ്പുകളും ഐപിസി 153 എ, 120 ബി വകുപ്പുകളുമാണ്‌ ന്യൂസ്‌ക്ലിക്കിനെതിരെ ചുമത്തിയിരിക്കുന്നത്‌.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top