ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐ റിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ ഹർജിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതി തള്ളിയത്.
കേസിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് റിപ്പോർട്ട് അംഗീകരിച്ചത്. ഉമ്മൻ ചാണ്ടിയ്ക്കെതിരായ ആരോപണങ്ങൾക്കു തെളിവില്ല എന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ അംഗീകരിച്ചിരുന്നു.
വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നൽകിയ ഹർജി തള്ളുകയും ചെയ്തിരുന്നു. 2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിനെതിരെയാണ് പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകിയത്. 2021 ജനുവരിയിൽ കേസ് സിബിഐക്കു കൈമാറി. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐയും കോടതിയിൽ റിപ്പോർട്ട് നൽകി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here