സൗമ്യ വിശ്വനാഥൻ വധം: പ്രതികളെല്ലാം കുറ്റക്കാർ, വിധി 15 വർഷത്തിനുശേഷം
ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് കോടതി. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി, അജയ്കുമാര്‍ എന്നിവരെയാണ് ഡല്‍ഹി സാകേത് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് വിധി. ഇവർക്കുള്ള ശിക്ഷ പിന്നീട്
തീരുമാനിക്കും.
2008 സെപ്റ്റംബറിലാണ് കൊലപാതകം നടന്നത്. ഡൽഹിയിലെ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്ലൈന്‍സ് ടുഡേ’ ചാനലിൽ ജോലി കഴിഞ്ഞു വരുകയായിരുന്ന സൗമ്യയെ വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാറപകടമാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹ പരിശോധനയിലാണ് തലയ്ക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
2009 ൽ കാൾ സെന്റര് ജീവനക്കാരി ജിഗിഷ കൊലക്കേസിലെ അന്വേഷണത്തിലാണ് പ്രതികൾ പോലീസ് പിടിയിലാവുന്നത്. കൊലപാതക ദിവസം ജിഗിഷയെ പിന്തുടർന്ന അതേ കാർ തന്നെയാണ് സൗമ്യയെ പിന്തുടർന്നതെന്ന് പോലീസ് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തു. കവർച്ചാശ്രമത്തിനിടയിലായിരുന്നു സൗമ്യയെ വെടി വെച്ചത്.
2016 ൽ കേസിന്റെ വാദം പൂർത്തിയായെങ്കിലും വിധി പറയുന്നത് നിയമപ്രശനങ്ങൾ കാരണം പലതവണ മാറ്റി വെക്കുകയായിരുന്നു.
ജിഗിഷ കേസിലെ പ്രതികളായ കപൂറിനും ശുക്ലയ്ക്കും വിചാരണക്കോടതി വധശിക്ഷയും മാലിക്കിന് ജീവപര്യന്തവും 2017 ല്‍ വിധിച്ചിരുന്നു. എന്നാൽ വധശിക്ഷ പിന്നീട് ജീവപര്യന്തമായി ഹൈക്കോടതി കുറച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here