കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ മുൻപും ശ്രമിച്ചു, പ്രതികൾ റിമാൻഡിൽ; ആസൂത്രിത കൃത്യമെന്ന് പോലീസ്

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിൽ. അറസ്റ്റിലായ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ പത്മൻ എന്നിവരെ കൊട്ടാരക്കര മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതകുമാരിയെയും അനുപമയെയും അട്ടക്കുളങ്ങര വനിതാ സബ് ജയിലിലേക്കും മാറ്റും. തിങ്കളാഴ്ച ഇവരുടെ കസ്റ്റഡിക്കായി പോലീസ് അപേക്ഷ സമർപ്പിക്കും.

കോവിഡിനുശേഷം പത്മകുമാറിന് കടുത്ത സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതയും ഉണ്ടായിരുന്നു. ഏതുവിധേനയും പണമുണ്ടാക്കാനുള്ള ചിന്തയാണ് തട്ടിക്കൊണ്ടുപോകലിൽ എത്തിച്ചതെന്ന് എഡിജിപി എം.ആർ അജിത്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ കുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തെങ്കാശിയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രതികൾ പിടിയിലായത്

കഴിഞ്ഞ ഒരു മാസമായി പലയിടത്തും സഞ്ചരിച്ച് പല കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ ആസൂത്രണം ചെയ്തിരുന്നു. ഒരാഴ്ച മുൻപ് പൂയപ്പള്ളിയിൽ എത്തിയ ഇവർ, തട്ടിക്കൊണ്ടു പോയ കുട്ടിയും സഹോദരനും സ്ഥിരമായി വൈകുന്നേരം ട്യൂഷനു പോകുന്നത് ശ്രദ്ധിച്ചു. ഇതോടെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടു. മുൻപ് രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പ്രതികൾ പറഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. പലരും പലതരത്തിലും പണം ഉണ്ടാക്കുന്നതാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പത്മകുമാർ പറഞ്ഞു. ഒരു വർഷം മുൻപ് ഇത്തരത്തിൽ പല കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ ആസൂത്രണം ചെയ്തിരുന്നു. ഇതിനായി വ്യാജ നമ്പർ പ്ലേറ്റ് ഉൾപ്പെടെ നിർമ്മിച്ചു. പിന്നീട് പല കാരണങ്ങൾ കൊണ്ട് പദ്ധതി ഉപേക്ഷിച്ചു. ഇപ്പോൾ ഒന്നര മാസമായി വീണ്ടും സാമ്പത്തിക ബാധ്യത അലട്ടിയതാണ് കൃത്യം നടത്താൻ കാരണമെന്നാണ് മൊഴി.

ഒരു ഘട്ടം കഴിഞ്ഞാൽ ആളുകൾ എന്തും ചെയുമെന്നതിന് തെളിവാണ് അഭ്യസ്തവിദ്യരായ ആളുകൾ ഇത്തരം കൃത്യങ്ങൾ ചെയ്യുന്നതെന്ന് എഡിജിപി വ്യക്തമാക്കി. ഒന്നരമാസം മുൻപാണ് മകൾ അനുപമയും മാതാപിതാക്കളുടെ ആസൂത്രണത്തിൽ പങ്കാളിയായത്. അഞ്ചു ലക്ഷം സബ്സ്ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനൽ അനുപമയ്ക്കുണ്ട്. മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപവരെ മാസവരുമാനവും ഇതിൽ നിന്ന് ലഭ്യമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജൂലൈയിൽ യൂട്യൂബ് ചാനൽ ഡീ മോണിറ്റൈസ് ചെയ്തപ്പെട്ടതോടെയാണ് കൃത്യത്തിൽ പങ്കാളിയായത്.

കുട്ടിയുടെ സഹോദരന്റെ സമയോചിതമായ ഇടപെടലാണ് പ്രതികളുടെ പദ്ധതി പാളിപ്പോകാൻ പ്രധാന കാരണം. പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് സഹോദരൻ പ്രതികരിച്ചത്. കൃത്യമായ രേഖാചിത്രം തയാറാക്കാനും ഇതോടെ സാധിച്ചു. പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് പ്രതികൾ കുട്ടിയെ ഉപേക്ഷിക്കാൻ തയ്യാറായത്. ആറ് വയസ് മാത്രമേ പ്രായമുള്ളൂവെങ്കിലും പെൺകുട്ടിയും കൃത്യമായ വിവരങ്ങൾ നൽകി പോലീസിനെ സഹായിച്ചുവെന്നും എഡിജിപി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top