കോവിഡ് പിടിപെട്ടവരിൽ മരണനിരക്ക് വർധിക്കുന്നു, പുരുഷന്മാരുടെ മരണനിരക്ക് കൂടിയെന്ന് ഐസിഎംആർ പഠനം
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ ഭീതിജനകമായ അന്തരീക്ഷം രാജ്യത്തുനിന്ന് പൂർണ്ണമായി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് പഠനങ്ങൾ. കോവിഡ് രോഗം പിടിപെട്ടവർക്ക് പിന്നീട് മാരക അസുഖങ്ങൾ ബാധിച്ച് മരണത്തിനു കീഴടങ്ങുന്നവരുടെ എണ്ണം ക്രമണാതീതമായി വർധിക്കുന്നു എന്നാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ന്റെ കണ്ടെത്തൽ.
കോവിഡ് പിടിപെട്ടവരിൽ ആറര ശതമാനം പേർ ഒരു വർഷത്തിനുള്ളിൽ മറ്റ് രോഗങ്ങൾക്ക് കീഴ്പ്പെട്ട് മരിക്കുന്നതായി ഐസിഎംആർ നടത്തിയ പഠനത്തിൽ വെളിപ്പെട്ടു. ലോകമെങ്ങുമുള്ള 31 ആശുപത്രികളിലായി 14,419 കോവിഡ് ബാധിതരെയാണ് പഠനത്തിന് വിധേയരാക്കിയത്. കോവിഡ് ആദ്യമായി പ്രത്യക്ഷപ്പെട്ട 2020 സെപ്റ്റംബർ 20 ന് ശേഷം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിതരിൽ തുടങ്ങി ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ബാധിച്ചവരെയും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കോവിഡ് പിടിപെടുന്നതിനു മുൻപ് വാക്സിൻ എടുത്തവരിലെ മരണനിരക്കിൽ 60 ശതമാനം കുറവുള്ളതായി കണ്ടെത്തി.
രോഗികളിൽ 17.1 ശതമാനം പേരിൽ ശ്വാസതടസം, രക്തസ്രാവം, ഏകാഗ്രതയില്ലായ്മ, മാനസിക പ്രശ്നങ്ങൾ എന്നിവ കണ്ടെത്തി. ഇത്തരക്കാരിലെ മരണനിരക്ക് മൂന്നിരട്ടിയായി വർധിച്ചതായും പഠനത്തിൽ വെളിപ്പെട്ടു. കോവിഡാനന്തരം മറ്റ് രോഗങ്ങൾക്ക് അടിമപ്പെടുന്നവരിൽ പ്രായവും ലിംഗ വ്യത്യാസവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കോവിഡ് ബാധയുടെ പാർശ്വഫലമായി ഉണ്ടാകുന്ന അസുഖങ്ങൾ മൂലം മരണനിരക്കിൽ ഒമ്പത് ഇരട്ടി വർധനവാണ് ഉണ്ടായിട്ടുള്ളത്. മരണത്തിന് കീഴടങ്ങുന്നവരിൽ ഭൂരി ഭാഗവും പുരുഷന്മാരും പ്രായാധിക്യമുള്ളവരുമാണ്. സ്ത്രീകളേക്കാൾ 1.3 മടങ്ങാണ് പുരുഷന്മാരിലെ മരണനിരക്ക്. 60 വയസ് കഴിഞ്ഞവരുടെ മരണ സംഖ്യയാകട്ടെ ഇതിന്റെ ഇരട്ടി വരും.
പതിനെട്ട് വയസിൽ താഴെയുള്ളവരുടെ മരണനിരക്കിലും വർധനവുണ്ട്. രോഗം പിടിപെട്ട് നാല് ആഴ്ചയ്ക്കും ഒരു വർഷത്തിനും ഉള്ളിൽ മരിക്കുന്നവരുടെ എണ്ണം 5.6 മടങ്ങാണ്. രോഗം ബാധിച്ച ശേഷം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന 18 വയസുവരെയുള്ളവരിൽ നാല് ആഴ്ചയ്ക്കുള്ളിലെ മരണ നിരക്കിൽ 1.7 മടങ്ങ് വർധനവാണുള്ളത്. കോവിഡിന് ശേഷം വൃക്ക സംബന്ധമായ അസുഖങ്ങൾ, രക്തസ്രാവം തുടങ്ങിയവയാലാണ് മരണനിരക്ക് ഉയർന്നിട്ടുള്ളത്. കോവിഡ് ഭേദമായാലും അതുമായി ബന്ധപ്പെട്ട് മറ്റ് അസുഖങ്ങൾ ഉണ്ടാകുന്നതാണ് മരണനിരക്ക് കൂടാൻ കാരണം. കോവിഡ് ബാധിതരിൽ ഉണ്ടാകുന്ന ലിവർ സിറോസിസ്, വൃക്കരോഗങ്ങൾ തുടങ്ങിയവയെ ഗൗരവമായി കണ്ട് ചികിത്സതേടേണ്ടതിന്റെ ആവശ്യകതയ്ക്കാണ് പഠനം അടിവരയിടുന്നത്. കൃത്യമായ ഇടവേളകളിൽ ഡോക്ടർമാരുടെ നിരീക്ഷണവും പരിശോധനയും അത്യാവശ്യമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here