മിന്നുന്നതെല്ലാം പൊന്നല്ല; പോപ്പ് ഫ്രാന്‍സിസ് ഏകാധിപതിയും ക്രൂരനും ആയിരുന്നുവെന്ന് വിവാദ പുസ്തകം

അമിത വിനയം, കടുത്ത ആദര്‍ശ അസ്‌കിത, ദഹിക്കാനാവാത്ത വിപ്ലവാശയങ്ങള്‍ ഒക്കെ തള്ളുന്ന രാഷ്ട്രീയ നേതാക്കളെയും മത സാമുദായിക നേതാക്കളേയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് പൊതുവെ സംശയാലുക്കളായ മലയാളികള്‍ പറയാറുണ്ട്. വന്ദ്യരും ബഹുമാന്യരെന്നും കരുതിയവരുടെ പുറംതോട് മാറ്റുമ്പോള്‍ ഇത്തരം മുഖം മൂടികള്‍ കാണാനും കഴിഞ്ഞിട്ടുണ്ട്. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ചും അത്തരം ചില വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരുന്നു.

ആദര്‍ശ ശുദ്ധിയുടെ കാര്യത്തില്‍ പോപ്പ് പവന്‍ മാറ്റ് തങ്കം എന്നാണ് അന്താരാഷ്ട്ര നേതാക്കളുടെ വിലയിരുത്തല്‍. ലോകത്തിന്റെ കണ്ണാടി എന്നതരത്തില്‍ ബുദ്ധിജീവികളും സാധാരണക്കാരും മാധ്യമങ്ങളും അദ്ദേഹത്തെ വാഴ്ത്തി പാടുകയാണ്. ഫ്രാന്‍സിസ് പാപ്പയുടെ പൊതു വിഷയങ്ങളിലെ ഇടപെടലുകളെക്കുറിച്ചും പാവങ്ങളോടുള്ള കരുതലിനെക്കുറിച്ചും മധുരം പുരട്ടിയ വാക്കുകളെ കുറിച്ച് ഒരുപാട് സന്ദേഹങ്ങള്‍ പലര്‍ക്കും ഉണ്ടായിരുന്നു. ആ സന്ദേഹങ്ങള്‍ ശരിവെക്കുന്ന പുസ്തകങ്ങള്‍ വ്യാപകമാണ്.

‘ദ ഡിക്‌റ്റേറ്റര്‍ പോപ്പ് – ദ ഇന്‍സൈഡ് സ്റ്റോറി ഓഫ് ദ ഫ്രാന്‍സിസ് പേപ്പസി’ (THE DICTATOR POPE- The Inside Story of the Francis Papacy) 2018 അവസാനമാണ് ഈ പുസ്തകം അമേരിക്കയില്‍ പ്രസിദ്ധീകരിച്ചത്. ചരിത്രകാരനും എഴുത്തുകാരനുമായ ഹെന്‍ട്രി സൈരെ ( Henry Sire) 2013 മുതല്‍ 2017 വരെ റോമില്‍ താമസിച്ചാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെക്കുറിച്ചുള്ള ഈ പുസ്തകമെഴുതിയത്. എന്നാല്‍ തന്റെ സുരക്ഷയെ കരുതി മാര്‍ക്കന്റോനിയോ കൊളോണ( MARCANTONIO COLONNA ) എന്ന തൂലികാ നാമത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. യൂറോപ്പിലും അമേരിക്കയിലും വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഈ പുസ്തകം ഇടയാക്കി.

ബെനഡിക്ട് പതിനാറാമന്‍ 2013ല്‍ അപ്രതീക്ഷിതമായി സ്ഥാനത്യാഗം ചെയ്ത ഒഴിവിലേക്കാണ് അര്‍ജന്റീയനക്കാരനായ കര്‍ദിനാള്‍ ഹോസെ മരിയോ ബെര്‍ഗോളിയോവിനെ മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തത്. പോപ്പ് ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച് ആഗോള കത്തോലിക്ക സഭയുടെ തലവനായി 2013 മാര്‍ച്ച് 13 ന് സ്ഥാനമേറ്റു. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വളരെ അപ്രതീക്ഷിതമായിരുന്നു എന്ന മട്ടിലായിരുന്നു അക്കാലത്തെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ആഡംബര ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ഒരു ഫ്‌ളാറ്റില്‍ ലളിത ജീവിതം നയിക്കുന്ന, പൊതു ഗതാഗതം ഉപയോഗിക്കുന്ന ഇടയന്‍ എന്ന മട്ടിലൊക്കെയായിരുന്നു വത്തിക്കാനിലും മറ്റും ബര്‍ഗോളിയോവിനെ അവതരിപ്പിച്ചിരുന്നത്. കൃത്യമായ പിആര്‍ ഓപ്പറേഷന്‍ ഇത്തരമൊരു വാഴ്ത്തലിന് പിന്നിലുണ്ടായിരുന്നു. ഏകാധിപതിയായ ഈ പോപ്പിന് ക്രൂരതയുടേയും മനുഷ്യത്വം ഇല്ലായ്മയുടേയും മറ്റൊരു മുഖമുണ്ടെന്നാണ് എഴുത്തുകാരന്‍ തെളിവു സഹിതം പറയുന്നത്. ബ്യുണസ് ഐരീസിലെ കര്‍ദിനാളായിരുന്ന കാലത്ത് ചിരിക്കാത്ത വരിഞ്ഞു കെട്ടിയ മുഖവുമായി നടക്കുന്ന ബിഷപ്പായിരുന്നു ബെര്‍ഗോളിയോ. പക്ഷേ, പോപ്പായതോടെ അങ്ങേരെ ചിരിക്കുന്ന മാര്‍പ്പാപ്പയായി മാധ്യമങ്ങളും പരിവാരങ്ങളും വാഴ്ത്താന്‍ തുടങ്ങി.

ഈ മുഖാവരണത്തിന് പിന്നില്‍ ഇദ്ദേഹത്തിന് വളരെ വ്യത്യസ്തമായ, ഭീഭത്സമായ മറ്റൊരു മുഖമുണ്ടെന്ന് പുസ്തകത്തിന്റെ ആദ്യ അധ്യായ ( The St. Gallen Mafia) ത്തിന്റെ ആദ്യ ഖണ്ഡികയിലിങ്ങനെ എഴുതിയിട്ടുണ്ട്.- ‘ If you speak to any one working in the Vatican , they will tell you about the miracle in reverse. When the publicity cameras are off him, Pope Francis turns into a different figure: arrogant, dismissive of people, prodigal with bad language, and Notorious for furious outburst of temper which are known to every one from the Cardinals to chauffeurs’. ക്യാമറ ഓഫായിക്കഴിഞ്ഞാല്‍ മറ്റുള്ളവരോട് ഇദ്ദേഹം പെരുമാറുന്നത് തികഞ്ഞ അഹങ്കാരത്തോടും പരിഹാസത്തോടും അധികാര പ്രമത്തതയോടുമാണ്. കോപത്തോടും മോശം ഭാഷ ഉപയോഗിച്ചും സംസാരിക്കുന്നത് പതിവാണ്- കര്‍ദ്ദിനാളന്മാര്‍ മുതല്‍ വേലക്കാരോടു വരെ ഇത്തരത്തില്‍ മോശം ഭാഷ ഉപയോഗിച്ച് പെരുമാറുന്നത് പതിവാണ്.

ജനാധിപത്യ ശൈലികളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത തികഞ്ഞ ഏകാധിപതിയും നിഷ്ഠൂരനുമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നാണ് ഗ്രന്ഥകാരന്റെ വെളിപ്പെടുത്തല്‍. ഈ ആരോപണങ്ങള്‍ നിഷേധിക്കാനോ, നിയമ നടപടികളിലേക്ക് കടക്കാനോ സഭ തയ്യാറായില്ല. വത്തിക്കാനിലെ അധികാര ദല്ലാളന്മാരിലൊരാളായ കര്‍ദിനാള്‍ ഗോഡ് ഫ്രൈഡ് ഡാനിയേല്‍സിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സെന്റ് ഗാലന്‍ മാഫിയ എന്ന ഗ്രൂപ്പിന്റെ താല്‍പര്യ സംരക്ഷകനായതു കൊണ്ടാണ് ഇദ്ദേഹത്തെ പോപ്പായി തിരഞ്ഞെടുത്തതെന്നാണ് എഴുത്തുകാരന്‍ പറയുന്നത്. ഈ മാഫിയയുടെ പി ആര്‍ ഓപ്പറേഷനിലൂടെയാണ് ഇദ്ദേഹത്തെ കാരുണ്യവാനും വിശാലമനസ്‌കനുമൊക്കെയായി വാഴ്ത്തുന്നത്.

അര്‍ജന്റീനയില്‍ ബര്‍ഗോളിയോ ഉപജാപങ്ങളുടെ ഉസ്താദ്ദെന്നാണ് അറിയപ്പെട്ടിരുന്നത്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണ്. ചോര പൊടിയാതെ കൊല നടത്തുന്ന കശാപ്പുകാരനാണ് ബര്‍ഗോളിയോ എന്നാണ് അര്‍ജന്റീനയിലെ പല പ്രമുഖരേയും ഉദ്ധരിച്ചു കൊണ്ട് മാര്‍ക്കന്റാണിയോ രേഖപ്പെടുത്തിയിട്ടുള്ളത്. തരാതരം പോലെ നിലപാടുകള്‍ മാറ്റുകയും കാറ്റുള്ളപ്പോള്‍ തൂറ്റുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് ബ്യൂണസ് ഐറീസിലെ മുന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ബര്‍ഗോളിയോ എന്ന് വൈദികരേയും സഹപ്രവര്‍ത്തകരേയും ഉദ്ധരിച്ചു കൊണ്ട് ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.

സഹപ്രവര്‍ത്തകരായ ബിഷപ്പുമാരുമായി കലഹിക്കുകയും അവരെ സകല കുതന്ത്രങ്ങളും ഉപയോഗിച്ച് നിഷ്പ്രഭരാക്കുന്ന പ്രകൃതക്കാരനാണ് പോപ്പ് ഫ്രാന്‍സിസ്. Bergoglio is a person who above all else knows how to instill fear. That is why he has an influence in the Holy See which surprise many. സഹപ്രവര്‍ത്തകരില്‍ ഭീതി ജനിപ്പിച്ച് സകലരേയും അടിച്ചമര്‍ത്തി മുന്നേറുന പ്രകൃതക്കാരനാണ്. ഇദ്ദേഹം കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ ഒരു പാട് മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നൊക്കെ വാഴ്ത്തുന്നുണ്ടെങ്കിലും സഭയില്‍ ഗുണപരമായ ഒരു മാറ്റവും കൊണ്ടുവന്നില്ലെന്ന് സഭയിലെ പരിവര്‍ത്തന വാദികള്‍ ആരോപിക്കുന്നുണ്ട്. എല്ലാം തൊലിപ്പുറത്തെ ചികിത്സകള്‍ എന്നാണ് പൊതുവെ വിലയിരുത്തുന്നത് .വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കെതിരെയും ഒരുപാട് ലൈംഗിക പീഡന പരാതികള്‍ വന്നിട്ടും ഗുണപരമായ ഒരു മാറ്റവും വരുത്തിയില്ല. ഒരു പാട് പേരെ ഇപ്പോഴും ഇദ്ദേഹം സംരക്ഷിച്ചു നിര്‍ത്തിയിരിക്കയാണ്.

മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചൊല്ല് പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പോപ് ഫ്രാന്‍സിന്റെ കാര്യത്തില്‍ തെറ്റാണെന്ന് പറയാനാവില്ല. ഈ പുസ്തകത്തിന്റെ ആദ്യ പേജില്‍ ഗ്രന്ഥകര്‍ത്താവ് ഏബ്രഹാം ലിങ്കന്റെ ഒരു ഉദ്ധരണി രേഖപ്പെടുത്തിയിട്ടുണ്ട്. ‘നിങ്ങള്‍ക്ക് ചിലരെ കുറെക്കാലം കബളിപ്പിക്കാന്‍ കഴിഞ്ഞേക്കാം, ചിലരെ എല്ലാക്കാലത്തും. എന്നാല്‍ എല്ലാവരേയും എല്ലാ കാലത്തും നിങ്ങള്‍ക്ക് കബളിപ്പിക്കാനാവില്ല’.

എന്തായാലും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്വഭാവത്തിലെ ഗുണദോഷങ്ങളും, പ്രവര്‍ത്തന കാലത്തെ നേട്ടങ്ങളും ഇഴകീറി പരിശോധിക്കപ്പെടുന്നുണ്ട്. ആരും വിശുദ്ധരല്ലാ എന്ന് തന്നെയാണ് ഈ പുസ്തകം ലോകത്തോട് പറയുന്നത്. ഒപ്പം വിമര്‍ശനത്തിന് ആരും അതിതരല്ല എന്നും ഓര്‍മ്മിപ്പിക്കുന്ന കൃതിയാണിത്.
ഫ്രാന്‍സിസ് പോപ്പിനെ വാഴ്ത്തിപ്പാടി കൊണ്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പോലെ തന്നെ വിമര്‍ശിച്ചും ഒട്ടേറെ പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.
The Dictator Pope ന് പുറമേ ഫിലിപ്പ് എഫ്. ലോലര്‍ എഴുതിയ Lost Shepherd: How Pope Francis is Misleading His Flock എന്നൊരു വിവാദ പുസ്തകവും ഇറങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top