28 ദിവസം കൊണ്ട് വീട്, അമേസിങ് നിർമിതി

തിരുവനന്തപുരം: നിർമ്മാണ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ത്രീഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ചു നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ കെട്ടിടം ഭവന വകുപ്പ് മന്ത്രി കെ രാജൻ ഉൽഘാടനം ചെയ്തു.

ലോകത്ത് തന്നെ ഏറ്റവുമധികം മാലിന്യം തള്ളുന്ന മേഖല എന്ന പേരുള്ള കെട്ടിടനിർമാണ മേഖലയെ മാറ്റിമറിക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. കമ്പ്യൂട്ടർ ആർക്കിടെക്ട് തയ്യാറാകുന്ന രൂപരേഖയെ പിന്തുടർന്ന് ത്രീഡി പ്രിൻറർ നിർമാണം തുടങ്ങും. സിനിമെന്റും മണലുമൊക്കെ യന്ത്രം കൂട്ടിക്കുഴച്ചു കൊടുക്കുമ്പോൾ പാളികളായി പ്രിന്റ് ചെയ്തു വരുന്ന ചുമരുകൾ. മിക്കപ്പോഴും ഈ പണികൾ ചെയ്യാൻ ഒരു ഓപ്പറേറ്റർ മതിയാവും. തടസങ്ങളുള്ള ഇടങ്ങളിൽ മാത്രം കൈകൾ കൊണ്ട് പണി പൂർത്തിയാക്കേണ്ടി വരും. ബദൽ നിർമാണ സങ്കേതങ്ങൾ പ്രചരിപ്പിക്കുക എന്ന നിർമിതി കേന്ദ്രത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ കെട്ടിടം പണിതത്.

380 ചതുരശ്ര അടി വിസ്തീർണമുള്ള നിർമിതി കേന്ദ്രത്തിലെ കെട്ടിടം 11 ലക്ഷം രൂപ ചെലവിട്ട് 28 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്. ഈ വലുപ്പത്തിലുള്ള കെട്ടിടമുണ്ടാക്കാൻ സാധാരണ രണ്ടു മാസം വേണ്ടി വരും. 28 ദിവസം കൊണ്ട് നിർമിച്ചതിനാലാണ് ‘amaze 28’ എന്ന പേര് കെട്ടിടത്തിന് നൽകിയത്.

മനുഷ്യാധ്വാനവും ചെലവും പരിമിതമായ തോതിൽ ഉപയോഗിക്കുകയെന്നതാണ് ഈ നിർമാണ രീതിയുടെ പ്രത്യേകത. ലോകത്ത് ഈ സാങ്കേതികവിദ്യ പ്രചാരത്തിൽ ആയിരുന്നെങ്കിലും കേരളത്തിൽ ഇപ്പോഴാണ് സാങ്കേതികവിദ്യ പ്രയോഗത്തിൽ വരുത്തിയത്.

കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐ ഐ ടി രൂപീകരിച്ച ഇൻക്യുബേറ്റർ കമ്പനിയായ ത്വാസ്ത വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്.

Logo
X
Top