ജി20 ഉച്ചകോടി സമാപിച്ചു; സ്ത്രീ ശാക്തീകരണത്തിലും ഡിജിറ്റൽ സാങ്കേതികവിദ്യയിലും സുപ്രധാന തീരുമാനങ്ങൾ, അധ്യക്ഷ സ്ഥാനം ബ്രസീലിന്

ഡൽഹി: ഇന്ത്യ ആതിഥ്യം വഹിച്ച പതിനെട്ടാമത് ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നവംബർ 30ന് ഇന്ത്യയുടെ കാലാവധി അവസാനിക്കും. സമാപന സമ്മേളനത്തിൽ അധ്യക്ഷപദവി ബ്രസീലിനു കൈമാറി. നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശുപാർശ ചെയ്തു. ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി ചേരുന്നത്.
പ്രഗതി മൈതാനിൽ ആരംഭിച്ച ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സ് ഉൾപ്പടെ 21 രാഷ്ട്രനേതാക്കൾ എത്തിച്ചേർന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും വിട്ടു നിൽക്കുന്നത് ചർച്ചയായിരുന്നു. പകരം അവരുടെ പ്രതിനിധികളാണ് പങ്കെടുത്തത്.
സ്ത്രീ ശാക്തീകരണം, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരം എന്നിവ ഉൾപ്പടെ സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിലുണ്ടായി. ജി20 സംയുക്ത പ്രഖ്യാപനം മെച്ചപ്പെട്ട ഭാവിക്കായുള്ള പ്രതിജ്ഞയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘർഷങ്ങൾ, സാമ്പത്തിക അസ്ഥിരത കാലാവസ്ഥവ്യതിയാനം, തുടങ്ങിയ വെല്ലുവിളികൾക്കിടയിലും പ്രശ്നപരിഹാരത്തിന് ജി20ക്ക് ശേഷിയുണ്ടെന്ന് ഡൽഹി ഉച്ചകോടി തെളിയിച്ചെന്ന് യുഎസ് പ്രസിഡൻറ് ബൈഡൻ പറഞ്ഞു. ഗൾഫ്–യൂറോപ്പ് സാമ്പത്തിക ഇടനാഴി, ഇന്ത്യ–ഗൾഫ്–യൂറോപ്പ് സാമ്പത്തിക ഇടനാഴി, മേഖലയിലെ വികസനത്തിലും നിക്ഷേപത്തിലും വഴിത്തിരിവുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഫിക്കൻ യൂണിയനെ ജി20 യുടെ ഭാഗമാക്കിത് ആഗോള പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുമെന്നും വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങൾ കൂടി വികസിത രാജ്യങ്ങൾ പരിഗണിക്കണമെന്നും ഇന്ത്യ ആഹ്വാനം ചെയ്തു. ജി20 അംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here