ആധാരം ലഭിക്കാൻ ഇ.ഡിക്ക് അപേക്ഷ നൽകണമെന്ന നിർദേശവുമായി ഹൈക്കോടതി
എറണാകുളം: കരുവന്നൂർ ബാങ്കിലെ വായ്പ പൂർണ്ണമായും തിരിച്ചടച്ചിട്ടും ആധാരം തിരിച്ചു കിട്ടാത്തവർ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിന് അപേക്ഷ നൽകണമെന്ന് ഹൈക്കോടതി. ലോൺ തിരിച്ചടച്ചിട്ടും ബാങ്കിൽ നിന്നും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹർജിയിലാണ് കോടതിയുടെ നിർദേശം. ബാങ്കാണ് ആധാരം തിരികെ ലഭിക്കാൻ ഇ.ഡിക്ക് അപേക്ഷ നൽകേണ്ടത്. ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷയിൽ മൂന്നാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. നിരവധി രേഖകള്‍ പരിശോധിക്കാനുണ്ടെന്നും ഹര്‍ജിക്കാരന്റെ ആധാരം പരിശോധിച്ച ശേഷം തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.
ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായവരുടെ ആധാരം തിരികെ നൽക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡി നേരത്തെ അറിയിച്ചിരുന്നു.വായ്പാ തിരിച്ചടവ് പൂർത്തിയായിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് കാണിച്ച് തൃശ്ശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ലോൺ തിരിച്ചടച്ച ശേഷം ആധാരം ലഭിക്കാനായി ഫ്രാന്‍സിസ് കരുവന്നൂര്‍ ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ ആധാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും കൊണ്ടുപോയെന്ന് വിശദീകരണം ലഭിച്ചതോടെയാണ് ഫ്രാന്‍സിസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here