‘മലപ്പുറം പരാമര്‍ശം’ മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ‘ദ ഹിന്ദു’

കേരളത്തില്‍ രാഷ്ട്രീയ വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം പ്രസിദ്ധീകരിച്ചതില്‍ വീഴ്ച വന്നതായി ദേശീയ ദിനപത്രം ദ ഹിന്ദു. അഭിമുഖത്തില്‍ മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ സ്വര്‍ണ്ണക്കടത്ത്, ഹവാല ഇടപാടുകളെ സംബന്ധിച്ച് പറഞ്ഞിരുന്നില്ലെന്നും പിആര്‍ ഏജന്‍സി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഭാഗം ഉള്‍പ്പെടുത്തിയതെന്നുമാണ് പത്രം വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അഭിമുഖം വാഗ്ദാനം ചെയ്ത് ദ കേയ്‌സന്‍ എന്ന പിആര്‍ ഏജന്‍സി സമീപിച്ചതായാണ് പത്രം വ്യക്തമാക്കുന്നത്. ഏജന്‍സി തന്നെയാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിനുള്ള സമയം അടക്കം നിശ്ചയിച്ചത്. ഇതനുസരിച്ച് പത്രത്തിന്റെ പ്രതിനിധി മുഖ്യമന്ത്രിയെ കേരള ഹൗസില്‍ എത്തി നേരിട്ട് കണ്ട് അഭിമുഖം നടത്തി. ഈ അഭിമുഖത്തില്‍ മലപ്പുറം ജില്ലയുടെ മാത്രമായൊരു കണക്ക് വ്യക്തമാക്കിയിരുന്നില്ല.
അഭിമുഖത്തിന് ശേഷം പിആര്‍ ഏജന്‍സി തന്നെ വീണ്ടും സമീപിച്ച് സ്വര്‍ണക്കടത്തിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും അതുപ്രകാരം കുറിപ്പ് എഴുതി നല്‍കുകയും ചെയ്തു. ഇതാണ് പ്രസിദ്ധീകരിച്ചത്. പിആര്‍ ഏജന്‍സി നല്‍കിയ വിവരം മുഖ്യമന്ത്രിയുടെ അഭിമുഖമായി പ്രസിദ്ധീകരിച്ചത് വലിയ വീഴ്ചയാണെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതുമായാണ് പത്രം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മലപ്പുറം പരാമര്‍ശം മുഖ്യമന്ത്രി നടത്തിയിട്ടില്ലെന്നും ഇതില്‍ വ്യക്തത വരുത്തണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പത്രത്തിന് ഒരു കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് പത്രം രംഗത്തെത്തിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here