‘ഹിന്ദു’വിൻ്റെ മറുപടി പിണറായിക്ക് മാരകപ്രഹരം; പിആർ സ്ട്രാറ്റജിയും പ്രസ് സെക്രട്ടറിയുടെ കത്തും ബൂമറാങ്ങായി; തൊട്ടതെല്ലാം പിഴയ്ക്കുമ്പോൾ പാർട്ടിക്കും അങ്കലാപ്പ്

വിവാദമായ മലപ്പുറം പരാമർശത്തിലെ അപകടം പരിഹരിക്കാൻ ‘ഹിന്ദു’ പത്രത്തെ തള്ളിപ്പറഞ്ഞ് കത്തയച്ച പ്രസ് സെക്രട്ടറി പിണറായി വിജയനെ ഊരാക്കുടുക്കിലാക്കി. പ്രസ് സെക്രട്ടറിയുടെ കത്തിന് പത്രം നൽകിയ വിശദീകരണത്തിലൂടെ മുഖ്യമന്ത്രിയുടെ പിആർ ഏജൻസിയുടെ പങ്ക് പുറത്തായെന്ന് മാത്രമല്ല, വിവാദ പരാമർശം ഉൾപ്പെടുത്താൻ ‘ഹിന്ദു’വിന് മേൽ പിആർ ഏജൻസിയുടെ രേഖാമൂലമുള്ള സമ്മർദം ഉണ്ടായി എന്നുകൂടിയാണ് ഇതോടെ വ്യക്തമാകുന്നത്. ‘ഹിന്ദു’വിൻ്റെ വിശദീകരണത്തോടെ വിഷയം സർക്കാരിനും മുഖ്യമന്ത്രിക്കും വൻ തിരിച്ചടിയാകുകയാണ്.

“മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ കെയ്സൻ ദ ഹിന്ദുവിനെ സമീപിച്ചു. സെപ്തംബർ 29ന് രാവിലെ 9 മണിക്ക് കേരള ഹൗസിൽ വെച്ച് ഞങ്ങളുടെ മാധ്യമപ്രവർത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി. അവിടെ മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. അഭിമുഖം ഏകദേശം 30 മിനിറ്റോളം നീണ്ടു. തുടർന്ന് പിആർ പ്രതിനിധികളിലൊരാൾ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ കൂടി അഭിമുഖത്തിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു. ഇത് യഥാർത്ഥത്തിൽ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിരസിച്ച ആ വരികൾ, അഭിമുഖത്തിൽ ഉൾപ്പെടുത്താനായി പിആർ പ്രതിനിധി രേഖാമൂലം നൽകിയതാണ്. എന്നിരുന്നാലും അന്നത്തെ അഭിമുഖത്തിൻ്റെ ഭാഗമായി ആ വരികൾ ഉൾപ്പെടുത്തിയത് ഞങ്ങളുടെ വീഴ്ചയാണ്, അത് സംഭവിക്കാൻ പാടില്ലായിരുന്നു. ഈ തെറ്റിന് ക്ഷമ ചോദിക്കുന്നു.” -ദ ഹിന്ദു വിശദീകരിച്ചത് ഇങ്ങനെയാണ്.

ഇതോടെ വംശീയ ചുവയുള്ള പരാമർശം രാഷ്ട്രീയ നേട്ടത്തിനായി ഉൾപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ബോധപൂർവം തീരുമാനിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്ന് കരകയറാനുള്ള ഉദ്ദേശ്യത്തിൽ രാഷ്ട്രിയ ലൈൻ മാറ്റാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി മലപ്പുറത്തെ ബന്ധപ്പെടുത്തി സ്വർണക്കടത്ത് പരാമർശങ്ങൾ നടത്തിയതെന്ന് മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. അഭിമുഖത്തിൽ ചോദ്യമോ മറുപടിയോ ഉണ്ടാകാതിരുന്ന മലപ്പുറം സ്വർണക്കടത്ത് വിഷയം പിന്നീട് തിരുകിക്കയറ്റതാണെന്ന് കൂടി ഇപ്പോൾ വ്യക്തമാകുമ്പോൾ അത് കൂടുതൽ ദുരൂഹമാകുകയാണ്. പിവി അൻവർ ഉണ്ടാക്കിയ വിവാദങ്ങളുടെ മറപറ്റി, മുസ്ലിം പ്രീണനമെന്ന ആക്ഷേപത്തിൽ നിന്ന് പുറത്തുകടക്കുകയും, സിപിഎമ്മിൻ്റെ പരമ്പരാഗത വോട്ടുബാങ്കായ ഹിന്ദു വിഭാഗങ്ങളെ ആകർഷിക്കുകയുമാണ് പാർട്ടിയുടെ ഇനിയുള്ള തന്ത്രമെന്ന് ഇന്ന് രാവിലെയാണ് മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തത്.

Also Read: ഞെട്ടിച്ച് പിണറായി; രാഷ്ട്രീയ ലൈനിൽ മലക്കം മറിഞ്ഞു; ഹിന്ദു വോട്ടുബാങ്ക് തിരിച്ചുപിടിക്കണം, മുസ്ലിം വോട്ടിനായുള്ള അടവുനയം ഇനിയില്ല; പിന്നിൽ രാഹുൽ ഫാക്ടർ?

സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ തന്നെ ഇത്ര ബോധപൂർവമായി പിആർ ഏജൻസികളുടെ ഇടപെടലിലൂടെ രാഷ്ട്രീയ നയങ്ങൾ രൂപപ്പെടുത്തുന്ന സംഭവം മറനീക്കി പുറത്തുവരുന്നത് ഇതാദ്യമാണ്. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കെയ്സൻ എന്ന പിആർ ഏജൻസിയുടെ സിഇഒ നിഖിൽ പവിത്രൻ മലയാളിയാണ്. പിആർഡിയും വിപുലമായ അനുബന്ധ സംവിധാനങ്ങളുമുള്ള സംസ്ഥാനത്ത്, മുഖ്യമന്ത്രിക്കായി എങ്ങനെയാണ് കെയ്സൺ രംഗപ്രവേശം ചെയ്തത് എന്നതിൽ വ്യക്തതയില്ല. അഭിമുഖ സമയത്തെല്ലാം കെയ്സൻ്റെ രണ്ടു പ്രതിനിധികൾ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഇൻ്റർവ്യൂ എടുക്കാൻ ഹിന്ദുവിനെ ബന്ധപ്പെട്ടത് തന്നെ ഈ പിആർ ഏജൻസിയാണെന്നും വ്യക്തമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലാകുകയാണ്.

Also Read: ‘നിങ്ങളെപ്പോലെ ഞാനും കൈലും കുത്തി നടക്കുന്നു, എനിക്കോ പിആര്‍ ഏജന്‍സി’; പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ അവകാശവാദം

പിആർ ഏജൻസികളാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് നിയമസഭയിൽ അടക്കം പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. അതെല്ലാം ഇപ്പോൾ ശരിവയ്ക്കപ്പെടുകയാണ്. മുഖ്യമന്ത്രി ഇത്തരമൊരു വിവാദത്തിൽ അകപ്പെട്ടത് നടുക്കത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. ഇന്നലെ ഹിന്ദുവിൽ വന്ന വാർത്തയെക്കുറിച്ച് ചാനലുകളിൽ വിശദീകരിച്ച സിപിഎം നേതാക്കൾ ഇന്ന് പ്രസ് സെക്രട്ടറിയുടെ വിശദീകരണത്തോടെ ആശയക്കുഴപ്പത്തിലായി. തുടർന്ന് ‘ഹിന്ദു’ നൽകിയ വിശദീകരണം കൂടിയായതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിലാകെ അമ്പരപ്പാണ് ഉണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top