വെള്ളാപ്പള്ളിക്കെതിരെ പെന്തക്കോസ്തുകാര്‍; പണം നൽകി ആരെയും മതംമാറ്റുന്നില്ലെന്ന് ഐപിസി; ലൗജിഹാദിനെ ചാരി ആക്ഷേപം പാടില്ല

പെന്തക്കോസ്തുകാര്‍ പണം നല്‍കി മതം മാറ്റുന്നുവെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവ സഭ (The Indian Pentacostal Church of God – l PC). വെള്ളാപ്പള്ളിയുടെ പ്രസ്താവന രാഷ്ടീയ ലക്ഷ്യം വെച്ചുള്ളതാണെന്നും, മത ധ്രുവീകരണത്തിന് ഇടയാക്കുമെന്നും ഐപിസി നേതൃത്വം വ്യക്തമാക്കി. പെന്തക്കോസ്തുകാര്‍ പണം നല്‍കി ഹിന്ദുക്കളെ വ്യാപകമായി മതം മാറ്റുന്നതിനെക്കുറിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചിരുന്നു.

‘ക്രിസ്ത്യാനികളും പെന്തകോസ്തുകാരും ഹിന്ദുക്കളെ വ്യാപകമായി മതം മാറ്റുന്നുണ്ട്. പെന്തക്കോസ്തുകാര്‍ പണം നല്‍കി ഹിന്ദുക്കളെ കുടുംബത്തോടെ മതം മാറ്റുന്നു. അത് പറയാതെ ലവ് ജിഹാദ് ഉണ്ടെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാനാണ്. ലൗ ജിഹാദില്‍ 42 പേരുണ്ടെന്നാണ് പറയുന്നത്. ഈ 42 പേരുടെ വിവരങ്ങള്‍ പുറത്തു പറയാമോ? എന്നാല്‍ ജോര്‍ജ് പറയുന്നത് ശരിയാണെന്ന് ഞാന്‍ സമ്മതിക്കാം’ -ഇതായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. ഇതിലെ പെന്തക്കോസ്തുകാര്‍ പണം നല്‍കി മതം മാറ്റുന്നുവെന്ന ആരോപണമാണ് ഐപിസി നേതൃത്വത്തെ ചൊടിപ്പിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ സംഘടിത പെന്തക്കോസ്തുസഭയാണ് കുമ്പനാട് ആസ്ഥാനമായ ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ. അനേകരെ ദൈവസ്‌നേഹത്തിലേക്ക് കൊണ്ടുവരുന്നത് പണം നല്‍കിയല്ലെന്നും, സുവിശേഷം പ്രചരിപ്പിക്കുന്നത് ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ ഭാഗമാണെന്നും ഐപിസി സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെസി തോമസ്, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. പെന്തക്കോസ്ത് സമൂഹം സമ്മര്‍ദ്ദ ഗ്രൂപ്പായി നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഭരണഘടനയെ അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഐപിസി നേതൃത്വം വ്യക്തമാക്കി.

മീനച്ചില്‍ താലൂക്കില്‍ 42 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റിയതിന്റെ കണക്ക് തന്റെ പക്കലുണ്ടെന്നാണ് പിസി ജോര്‍ജ് ഈ മാസം ആദ്യം പാലായില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗജിഹാദിലൂടെ നഷ്ടമായതെന്നും ജോര്‍ജ് പറഞ്ഞു. ലഹരി ഭീകരതക്കെതിരെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വിളിച്ച സമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ ഈ പ്രസ്താവന. ഇതിനെയാണ് വെളളാപ്പളളി ചോദ്യംചെയ്തതും തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടതും. പിസി ജോര്‍ജുമായി രാഷ്ട്രീയമായി വിയോജിപ്പുള്ള വെള്ളാപ്പള്ളി, പെന്തക്കോസ്തുകാരെ മുന്നില്‍ നിര്‍ത്തി ഒരേസമയം ബിജെപിയേയും ജോര്‍ജിനേയും വിമര്‍ശിക്കുകയാണ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top