ജോഡോ യാത്രയിലെ മലയാളി സാന്നിധ്യം; അച്ഛന്റെ ആഗ്രഹം സഫലീകരിക്കാൻ ഇറങ്ങിയ ഷീബ രാമചന്ദ്രൻ എന്ന വീട്ടമ്മ
കൊച്ചി: ‘എന്റെ അച്ഛനുള്ള ശ്രദ്ധാഞ്ജലിയാണ് ഈ യാത്ര’ രാഹുൽഗാന്ധിക്ക് ഒപ്പം ഭാരത്ജോഡോ യാത്രയിൽ മുഴുനീളം പങ്കെടുത്ത മലയാളിയായ ഷീബ രാമചന്ദ്രന്റെ വാക്കുകളാണിത്. ജോഡോ യാത്രയിൽ 4080 കിലോമീറ്റർ നടന്ന ഷീബ ഇപ്പോൾ ഭാരത ജോഡോ ന്യായ് യാത്രയിലും യോദ്ധാവാണ്. യാത്രയിൽ ഉടനീളം പങ്കെടുത്ത ഏക മലയാളി വനിതയാണ് പെരുമ്പാവൂർ സ്വദേശിയായ ഷീബ. പാർട്ടിക്ക് വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യുന്നു എന്നാണ് ഷീബ മാധ്യമ സിൻഡിക്കറ്റിനൊട് പറഞ്ഞത്.
കടുത്ത കോൺഗ്രസ് അനുഭാവിയും വളയന്‍ചിറങ്ങര മേഖല പ്രസിഡന്റുമായിരുന്ന അച്ഛൻ നെല്ലിക്കൽ ശങ്കരൻ നായരോടുള്ള ആദരവായാണ് ഈ യാത്രയിൽ പങ്കെടുക്കാൻ പെരുമ്പാവൂർ സ്വദേശിയായ ഷീബ തീരുമാനിച്ചത്. “കെ എസ് യുവിലൂടെയാണ് പാര്‍ട്ടിയിലേക്ക് വന്നത്. പാർട്ടിക്ക് ആയി സൗജന്യമായി സ്ഥലം കൊടുത്ത് പാർട്ടി ഓഫീസ് ഉണ്ടാക്കി കൊടുത്ത ആളാണ് അച്ഛന്‍. ഏഴ് മക്കളിൽ ആരും പാർട്ടി പ്രവർത്തനത്തിലേക്ക് വരാത്തതിൽ അച്ഛന് വലിയ വിഷമം ഉണ്ടായിരുന്നു. മരണം വരെ ഈ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഈ യാത്രയിൽ പങ്കെടുക്കുമ്പോൾ അച്ഛന് ശാന്തി ലഭിക്കുമെന്ന് എനിക്ക് തോന്നുന്നു”; ഷീബ പറഞ്ഞു. ആദ്യ യാത്ര പൂർത്തിയാക്കാൻ കഴിയുമെന്ന് വീട്ടുകാർക്ക് പോലും ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ ഷീബയ്ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ആദ്യ യാത്രയിൽ രാഹുൽ ഗാന്ധിയുമായി സംസാരിക്കാനും ഒപ്പം പ്രവർത്തിക്കാനും കഴിഞ്ഞതിൽ അതീവ സന്തോഷത്തിലാണ് ഷീബ. പാർട്ടിയുടെ വിചാരധാരയെ കുറിച്ചാണ് രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കാറുള്ളതെന്ന് ഷീബ പറഞ്ഞു. ജമ്മു കാശ്മീരിൽ യാത്രയുടെ അവസാന ലാപ്പിൽ ലാൽ ചൗക്കിൽ ഉയർത്താനുള്ള ദേശീയ പതാക വഹിച്ചത് ഷീബ ആയിരുന്നു. പശ്ചിമ ബംഗാളിലാണ് ഷീബ ഇപ്പോൾ.
ദീര്‍ഘകാലം സൗദിയിൽ സ്ഥിരതാമസം ആയിരുന്ന ഷീബ അവിടെയും പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റിയാദില്‍ ആരംഭിച്ച ആദ്യ പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഷീബ ഇപ്പോൾ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആണ്. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി നടത്തിയ സേവനത്തിന് ഇന്ത്യന്‍ എംബസി മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. മികച്ച പ്രാസംഗികയും , എഴുത്തുകാരിയും കൂടിയാണ് ഷീബ.
പത്താം ക്ലാസിൽ പഠിക്കുന്ന മകൾ ശ്രീലയ രാമചന്ദ്രനാണ് രണ്ടാമത്തെ യാത്രയിൽ പങ്കെടുക്കാൻ ഷീബയെ പ്രോത്സാഹിപ്പിച്ചത്. പ്രവാസിയായിരുന്ന ഭർത്താവ് രാമചന്ദ്രനും എഞ്ചിനീയറായ മകൻ ശ്രീരാഗും എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെങ്കിലും ഷീബയുടെ ആരോഗ്യ പ്രശ്നങ്ങളാണ് അവരെ ആശങ്കപ്പെടുത്തുന്നത്. ‘ആദ്യ യാത്രയിൽ പങ്കെടുത്തപ്പോൾ പാർട്ടിക്ക് വേണ്ടി എന്തൊക്കെയോ ചെയ്തെന്നൊരു തോന്നൽ ഉണ്ടായി. അതുകൊണ്ടാണ് രണ്ടാമത്തെ യാത്രയിലും ഒപ്പം ചേരാൻ തീരുമാനിച്ചത്’; ഷീബ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര കൂടി പൂർത്തിയാക്കിയാൽ 10000 കിലോമീറ്റര്‍ സഞ്ചരിച്ചെന്ന വലിയൊരു നേട്ടമാണ് ഷീബ സ്വന്തമാക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here