ആ വീഡിയോ എടുത്തത് ഞാൻ; അച്ഛനെ പീഡനക്കേസിൽ കുടുക്കാൻ കുട്ടിയെ ഉപയോഗിച്ചു; അമ്മയെ മർദ്ദിച്ച മരുമകൾക്ക് സ്വഭാവ വൈകൃതമെന്ന് അയൽക്കാർ

കൊല്ലം: തേവലക്കരയില്‍ അമ്മയെ ക്രൂരമായി മർദ്ദിച്ച മരുമൾക്കെതിരെ തെളിവ് ശേഖരിച്ചത് കുടുംബ സുഹൃത്തായ പോലീസുകാരൻ. മറ്റു വഴിയില്ലാതെയാണ് വീഡിയോ പുറത്തുവിട്ടതെന്ന് അടൂർ ആംഡ് പോലീസ് ബറ്റാലിയൻ മൂന്നിലെ ഹവിൽദാരായ ശ്യാംകുമാർ.കെ.കുറുപ്പ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ‘വീഡിയോ എടുത്തത് ഞാനാണ്. വർഷങ്ങളായി മഞ്ജുമോൾ ഭർത്താവിന്റെ അമ്മയെയും ഭർത്താവിനെയും ഉപദ്രവിക്കുകയാണ്. തെളിവില്ലാതിരുന്നത് കൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആറ് വയസുള്ള മകളെ കൊണ്ട് അച്ഛൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വരെ ഈ സ്ത്രീ പറയിപ്പിച്ചു. ഇവർക്കു സ്വഭാവവൈകൃതമാണ്. മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാലാണ് വീഡിയോ പുറത്തുവിട്ടത്’- ശ്യാംകുമാർ പറയുന്നു.

ഭർത്താവ് ജെയ്‌സിന്റെയും അമ്മ ഏലിയാമ്മയുടെയും ശരീരം മുഴുവൻ മുറിവേറ്റ പാടുകളാണ്. പലതവണ ഇവരെ റൂമിൽ പൂട്ടിയിടുകയും വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. തിരിച്ച് പ്രതികരിച്ചാൽ ഭർത്താവിനെതിരെ വനിതാ കമ്മിഷനിലും പോലീസിലും പരാതി നൽകുമെന്നാണ് ഭീഷണിയെന്നും ശ്യാംകുമാർ പറഞ്ഞു. ജെയ്‌സിനും മഞ്ജുമോൾക്കും ധാരാളം സ്വത്തുക്കൾ ഉണ്ട്. ജെയ്‌സിനറെയും അമ്മയുടെയും സ്വത്തുക്കൾ കൂടി സ്വന്തം പേരിൽ വേണമെന്നാവശ്യപ്പെട്ടാണ് നിരന്തരം ഉപദ്രവിക്കുന്നത്. ഇതിന് മഞ്ജുമോളുടെ വീട്ടുകാരുടെ പിന്തുണയുമുണ്ട്. പോലീസിൽ മുൻപും പരാതി നൽകിയിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വിവാഹമോചനത്തിനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയായിരുന്നു ജെയ്സെന്നും ശ്യാംകുമാർ പറഞ്ഞു. ഇരുവര്‍ക്കും രണ്ട് ചെറിയ പെണ്‍കുട്ടികളുമുണ്ട്.

പെരുമാറ്റദൂഷ്യം കൊണ്ട് ആദ്യം ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്നും മഞ്ജുമോളെ പുറത്താക്കിയതാണ്. ജെയ്‌സ് തന്നെയാണ് പിന്നീട് ലൂർദ് മാതാ സ്കൂളിൽ ജോലി വാങ്ങി നൽകിയത്. മഞ്ജുമോൾക്ക് സ്വന്തമായി കാറും, വീട്ടിൽ ജോലിക്ക് ആളെയും മറ്റ് എല്ലാ സൗകര്യങ്ങളും നൽകിയിട്ടുണ്ട്. എന്നാലും സ്വത്തിനോടുള്ള ആർത്തിയാണ്. ഭർത്താവിനെ മുൻപ് കത്തി കൊണ്ട് എറിഞ്ഞ് ഗുരുതരമായ പരിക്കേൽപ്പിച്ചിരുന്നു. ഭർതൃമാതാവിന്റെ ചികിത്സക്കായി അവരുടെ അക്കൗണ്ടിൽ നിന്ന് എടുക്കുന്ന പണം മഞ്ജുമോൾ എടുത്തുകൊണ്ട് പോകും. നിരന്തരമായ പ്രശ്നങ്ങൾ കൊണ്ട് ജെയ്‌സ് ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടുണ്ടെന്നും വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീ കണ്ടതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നും ശ്യാംകുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

പ്ലസ് ടു അധ്യാപികയായ മഞ്ജുമോളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ക്രൂരമായ മർദ്ദനമേറ്റതിനെ തുടര്‍ന്ന് ഏലിയാമ്മ മുറിവുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. മുടിയില്‍ പിടിച്ച് വലിച്ച് നിലത്ത് തള്ളിയിട്ടെന്നും കൈയ്യില്‍ ഷൂസിട്ട് ചവിട്ടിയെന്നുമാണ് ഏലിയാമ്മ പരാതി നല്‍കിയിരിക്കുന്നത്. കൊച്ചുമക്കളുടെ മുന്നില്‍ വച്ചാണ് മർദ്ദനം. നടക്കാന്‍ ബുദ്ധിമുട്ടുന്ന വയോധിക ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മോശമായ വാക്കുകളോടെ തള്ളി താഴെയിട്ടത്. വഴക്ക് ഒഴിവാക്കാം എന്നാണ് തള്ളിയിട്ട സമയത്തും ഏലിയാമ്മ പറയുന്നത്. വയോജന സംരക്ഷണ നിയമത്തിലെ വകുപ്പുകളും വധശ്രമം എന്നിവയടക്കം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top