പാർലമെന്റ് അംഗങ്ങളിൽ 194 പേർ കൊലപാതക – ബലാത്സംഗ പ്രതികൾ, 53 ശതകോടീശ്വരന്മാരിൽ 24 പേർ തെലുങ്കാനയിൽ നിന്ന്, അക്ഷരാഭ്യാസമില്ലാത്ത ഒരാളും 54 ഡോക്ടറേറ്റുള്ളവരും സഭാംഗങ്ങളാണ്

ന്യൂഡൽഹി: നിലവിലെ പാർലമെന്റ് അംഗങ്ങളിൽ 40 ശതമാനം പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്, ഇവരിൽ 25 ശതമാനം പേർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണെന്ന് സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്‌ റിഫോംസിന്റെ (എഡിആർ) ഏറ്റവും പുതിയ റിപ്പോർട്ട്. കൊലപാതകം, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ട നിരവധിപേർ പാർലമെന്റിന്റെ ഇരുസഭകളിലും അംഗങ്ങളാണ്.

രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളുടെ ശരാശരി സ്വത്ത് 38.33 കോടി രൂപയാണ്. ഇരുസഭകളിലുമായി 53 പേര് ശതകോടീശ്വരമ്മാരാണെന്ന് എഡിആറിന്റെ റിപ്പോർട്ടിൽ പറയുന്നു. എംപിമാർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിൽനിന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. രണ്ടു സഭകളിലെയും 776 അംഗങ്ങളിൽ 763 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ ലോക്സഭയിൽ നാലും രാജ്യസഭയിൽ ഒരു സീറ്റും ഒഴിവുണ്ട്.

നിലവിലെ 763 സിറ്റിംഗ് എംപിമാരിൽ 306 പേർ (40%) ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരിൽ 194 പേർ (25%) കൊലപാതകം, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ ഗുരുതരമായ കേസുകളിൽ പ്രതികളാണ്. കേരളത്തിൽ നിന്നുള്ള 29 എംപിമാരിൽ 23 പേർക്കെതിരെ ക്രിമിനൽക്കേസുകളുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ 385 എംപിമാരിൽ 98 പേരും, കോൺഗ്രസിന്റെ 81 എംപിമാരിൽ 26 പേരും, തൃണമൂൽ കോൺഗ്രസിന്റെ 36 എംപിമാരിൽ ഏഴുപേരും ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 11 സിറ്റിംഗ് എംപിമാർ കൊലപാതക കേസുകളിലും, 32 പേർ വധശ്രമക്കേസുകളിലും, 21 പേർ ബലാത്സംഗകേസുകളിലും പ്രതികളാണ്. സിറ്റിംഗ് എംപിമാരിലെ 53 ശതകോടീശ്വരമ്മാരിൽ 24 പേർ തെലുങ്കാനയിൽ നിന്നും ഒൻപതുപേർ ആന്ധ്രയിൽ നിന്നുമാണ്.

ഇരു സഭകളിലെയും 763 അംഗങ്ങളിൽ അക്ഷരാഭ്യാസമില്ലാത്തവരും ഉന്നതവിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളുമുണ്ട്. അക്ഷരാഭ്യാസമില്ലാത്ത ഒരാളും, സാക്ഷരതയുള്ള ഒരാളും പാർലമെന്റിലുണ്ട്. 184 പേർ ബിരുദധാരികളും 201 പേർ ബിരുദാനന്തരബിരുദധാരികളുമാണ്. 22 പേർ ഡിപ്ലോമക്കാരും, 141 പേർ പ്രൊഫഷണൽ ബിരുദധാരികളും 54 പേർ ഡോക്ടറേറ്റുള്ളവരുമാണ്. അഞ്ച്, എട്ട്, പത്ത്, പന്ത്രണ്ട് ക്ലാസുകൾ പാസ്സായ 159 പേരുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top