ഓയൂരിലെ സൂപ്പർഹീറോയ്ക്ക് ആദരം; അമ്മത്തൊട്ടിലിലെ പുതിയ അതിഥിയുടെ പേര് ജോനാഥൻ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ കീഴിയിലുള്ള അമ്മത്തൊട്ടിലിലെത്തിയ പുതിയ അതിഥിക്ക് ഓയൂരിലെ സൂപ്പർഹീറോയുടെ പേര്. കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയെ അതിസാഹസികമായി രക്ഷിക്കാൻ ശ്രമിച്ച സഹോദരനോടുള്ള ആദരവായാണ് ശിശുക്ഷേമ സമിതി ‘ജോനാഥൻ’ എന്ന പേര് പുതിയ കുഞ്ഞിന് നൽകിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7.45-ന് അമ്മത്തൊട്ടിലിൽ എത്തിയ ആറു ദിവസം പ്രായമുള്ള ആൺ കുഞ്ഞിനാണ് ജോനാഥൻ എന്നു പേരിട്ടത്. ഓയൂരിലെ സംഭവത്തിൽ ഒന്നാമത്തെ ഹീറോ കുട്ടിയുടെ സഹോദരൻ ജോനാഥനായിരുന്നു. പത്തു വയസു മാത്രം പ്രായമുള്ള കുട്ടിയുടെ ചെറുത്തു നിൽപ്പ് കേരള സമൂഹത്തിന് തന്നെ മാതൃകയാണ്. പ്രതികൾ വരെ ഇത് സമ്മതിച്ചിട്ടുള്ളതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ടെന്നും സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു.

ഡിസംബർ മാസത്തിൽ ലഭിച്ച ആദ്യത്തെ കുഞ്ഞിനാണ് ജോനാഥന്റെ പേര് നൽകിയിരിക്കുന്നത്. രണ്ടര കിലോഗ്രാം ഭാരമുള്ള കുഞ്ഞ് പൂർണ ആരോഗ്യവാനാണ്. 2002 നവംബർ 14-ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച അമ്മത്തൊട്ടിലുകൾ വഴി ലഭിക്കുന്ന 591 ാമത്തെ കുരുന്നാണ് ജോനാഥൻ. കുഞ്ഞിൻറെ ദത്തെടുക്കൽ നടപടി ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെടണമെന്നും സമിതി അറിയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top