മുല്ലപ്പെരിയാർ ഡാം അപകടമേഖലയിലെന്ന് ‘ന്യൂയോര്‍ക്ക്‌ ടൈംസ്’, 35 ലക്ഷത്തിലധികം പേരുടെ ജീവന് ഭീഷണി, പഴക്കം ചെന്ന അണക്കെട്ടുകൾ പൊളിച്ചുമാറ്റണമെന്ന് വിദഗ്ധർ

തിരുവനന്തപുരം: ലോകത്തെ ഏറ്റവും അപകടകരമായ ഡാമുകളിലൊന്നാണ് മുല്ലപ്പെരിയാർ അണക്കെട്ടെന്നു ന്യൂയോര്‍ക്ക്‌ ടൈംസ്. ഇന്ത്യയിലും ചൈനയിലുമായി കാലപ്പഴക്കം ചെന്ന 28000-ലധികം അണക്കെട്ടുകളുണ്ടെന്നു നദി സംരക്ഷണ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഭൂകമ്പ ബാധിത പ്രദേശത്താണു സ്ഥിതിചെയ്യുന്നതെന്നു ന്യൂയോര്‍ക്ക്‌ ടൈംസ് ഈ മാസം 17-നു പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായി അണക്കെട്ടു തകര്‍ന്നാല്‍ താഴ്‌വാരത്തു താമസിക്കുന്ന ഏകദേശം 35 ലക്ഷം ആളുകളെ ഒഴുക്കിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പു നല്‍കുന്നു. അടുത്തിടെ ലിബിയയില്‍ പഴക്കം ചെന്ന രണ്ടു ഡാമുകള്‍ തകര്‍ന്നു വലിയ തോതില്‍ ആളപായമുണ്ടായ പശ്‌ചാത്തലത്തിലാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ ഇന്ത്യയ്‌ക്കു മുന്നറിയിപ്പ്‌ നല്‍കുന്നത്‌. അവിടെ 11,300 പേർ കൊല്ലപ്പെടുകയും പതിനായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 35 ലക്ഷം പേരെ അതു ബാധിക്കുമെന്നു ജോഷ് ക്ലമ്മും ഇസബെല്ലാ വിങ്ലറും ചേർന്നെഴുതിയ ലേഖനത്തിൽ പറയുന്നു.

കാലാവസ്ഥ വ്യതിയാനങ്ങൾ പഴക്കം ചെന്ന അണക്കെട്ടുകളുടെ നിലനിൽപ്പിനെത്തന്നെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള അപകടാവസ്ഥകളെയും തരണം ചെയ്യത്തക്ക വിധത്തിലാണ് ഡാമുകൾ നിർമ്മിച്ചിരിക്കുന്നതെങ്കിലും കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ അണക്കെട്ടുകളുടെ സുരക്ഷയെ ബാധിക്കുന്ന സ്ഥിതിയുണ്ടാക്കുന്നുണ്ട്. മേഘവിസ്ഫോടനം മൂലമുണ്ടാകുന്ന പ്രളയവും, അതിതീവ്ര മഴയും, ഹിമപാതവും, തീവ്രതയേറിയ ഭൂകമ്പവുമൊക്കെ അണക്കെട്ടുകളുടെ തകർച്ചക്കിടയാക്കുന്നുണ്ട്. കനത്ത മഴയെ തുടർന്ന് 2017-ൽ കാലിഫോർണിയയിലെ ഓറോവില്ലി ഡാമിന് കടുത്ത ക്ഷതമുണ്ടായി നിരവധിപേരെ മാറ്റിപാർപ്പിക്കേണ്ടിവന്നു .

2021 ഫെബ്രുവരിയിൽ ഉത്തർഖണ്ഡിലെ ധൗലിഗംഗ നദിയിലെ ഡാമിൽ ഹിമപാതത്തെത്തുടർന്നു പ്രളയമുണ്ടായപ്പോൾ 200-ലധികം പേരെയാണ് കാണാതായത്. കാലപ്പഴക്കം ചെന്ന അണക്കെട്ടുകൾ പൊളിച്ചുമാറ്റിയില്ലെങ്കിൽ ഗുരുതരമായ അപകടങ്ങളുണ്ടാകുമെന്നാണ് റിവർ ഇന്റർനാഷണൽ എന്ന സംഘടന മുന്നറിയിപ്പ് നൽകുന്നത്. ലിബിയയിലുണ്ടായ ദുരന്തം ഡാം സുരക്ഷയെക്കുറിച്ച് ലോകത്തിനു നൽകുന്ന മുന്നറിയിപ്പാണ്. സമാന സാഹചര്യം നമ്മുടെ നാട്ടിലുമുണ്ടായേക്കാമെന്നു ന്യൂയോര്‍ക്ക്‌ ടൈംസ് മുന്നറിയിപ്പു നൽകുന്നു.


Logo
X
Top