അപരൻ ‘രാഹുൽ ഗാന്ധി’ ഇത്തവണ വയനാട്ടിലേക്കില്ല; കണക്ക് കൊടുക്കാത്തതു കൊണ്ട് വിലക്ക്, കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പ്രചാരണവുമായി പോകും

തിരുവനന്തപുരം: സാക്ഷാൽ രാഹുൽ ഗാന്ധിക്ക് ഈ ഭൂമി മലയാളത്തിൽ അപരൻ ഉണ്ടാവുമെന്ന് കേരളത്തിലെ കോൺഗ്രസുകാർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത നേരത്താണ് രണ്ട് അപരന്മാർ വയനാട്ടിൽ പ്രത്യക്ഷപ്പെട്ടത്.

രാഹുൽ എന്ന പേര് കേരളത്തിൽ പരക്കെ ഉണ്ടെങ്കിലും രാഹുൽ ഗാന്ധി കെ.ഇ. എന്ന പേരുള്ള ഗവേഷക വിദ്യാർത്ഥി കഴിഞ്ഞ തവണ സ്ഥാനാർത്ഥിയായി അവതരിച്ചത് കോൺഗ്രസുകാരെ ഞെട്ടിച്ചു കളഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ രാഹുൽ ഗാന്ധി കെ.യുവും മത്സരത്തിനുണ്ടായിരുന്നു. അഖില ഇന്ത്യ മക്കൾ കഴകം എന്ന പാർട്ടിയുടെ പേരിലാണ് ഇയാൾ മത്സരിച്ചത്.

എന്നാൽ ഇത്തവണ താൻ മത്സരത്തിനില്ലെന്ന് രാഹുൽ ഗാന്ധി കെ.ഇ. മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. അതിനൊരു കാരണമുണ്ട്, അക്കാര്യം വഴിയെ പറയാം.

എരുമേലി മുട്ടപ്പള്ളി ഇളയാനിത്തോട്ടം കുഞ്ഞുമോൻ്റെയും വത്സമ്മയുടേയും മൂത്ത മകനായ രാഹുൽ കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർത്ഥിയായാണ്. ആദിവാസികളുടെ നാടൻ പാട്ടും സംസ്കാരവും എന്ന വിഷയത്തിലാണ് ഈ 38കാരൻ്റെ ഗവേഷണം. ഈ വർഷം പ്രബന്ധം സമർപ്പിക്കാനൊരുങ്ങുകയാണ്. അച്ഛൻ കുഞ്ഞുമോൻ കറകളഞ്ഞ കോൺഗ്രസ് പ്രവർത്തകനും ഗാന്ധി – നെഹ്റു കുടുംബത്തിൻ്റെ കടുത്ത ആരാധകനുമായിരുന്നു. അങ്ങനെയാണ് മൂത്ത മകന് രാഹുൽ ഗാന്ധിയെന്നും, ഇളയവന് രാജീവ് ഗാന്ധി എന്നും പേരിട്ടത്. പക്ഷേ, രാഹുൽ ഗാന്ധി കടുത്ത കോൺഗ്രസ് വിരോധിയും കറതീർന്ന ഇടത് പക്ഷക്കാരനുമാണ്. അനിയൻ രാജീവും ചേട്ടനെപ്പോലെ ഇടത് അനുഭാവിയാണ്. കോൺഗ്രസിൻ്റെ നയസമീപനങ്ങളോട് കടുത്ത വിയോജിപ്പുള്ളതു കൊണ്ടാണ് താൻ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചത്. ജയിക്കാനല്ല മത്സരിച്ചത്, മറിച്ച് എൻ്റെ പ്രതിഷേധം രേഖപ്പെടുത്താനുള്ള മാർഗമായിട്ടാണ് തിരഞ്ഞെടുപ്പിനെ കണ്ടത്. ഇത്തവണയും ഞാൻ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിക്കാൻ ഒരു കലാസമിതിയുടെ നേതൃത്വത്തിൽ നാടൻ പാട്ടും മറ്റും വയനാട്ടിൽ വിവിധ ഇടങ്ങളിൽ അവതരിപ്പിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

പാട്ടുപാടാന്‍ വേദിയിലെ എത്തുമ്പോൾ, പേര് രാഹുല്‍ ഗാന്ധിയെന്ന് പറയുമ്പോള്‍, അതിന്റെ രഹസ്യം പറയേണ്ടിവരും. പിന്നെ രാഷ്ട്രീയം വെളിപ്പെടുത്തണം. അതോടെ ഇഷ്ടവും അനിഷ്ടവും ഉണ്ടാകും. അതുകൊണ്ട് ഞാനെന്റെ പേര് രാഹുല്‍ കൊച്ചാപ്പി എന്നേ പറയാറുള്ളൂ. നോട്ടീസിലും മറ്റും അങ്ങനെയാണ് പേരുവെക്കാറ്. ചെറിയവനായിരുന്നത് കൊണ്ട് സ്‌കൂള്‍ കാലത്തെ ഒരധ്യാപികയാണ് എന്നെ കൊച്ചാപ്പിയെന്ന് വിളിച്ചത്. രാഹുല്‍ ഗാന്ധിയെ ഉപേക്ഷിച്ച് ഇപ്പോള്‍ അതെന്റെ പേരാക്കി. ഔദ്യോഗിക പേര് ഇപ്പോഴും രാഹുൽ ഗാന്ധി എന്ന് തന്നെയാണ്; രാഹുല്‍ പറഞ്ഞു.

കലയേയും സംസ്കാരത്തേയും പരിപോഷിപ്പിക്കുന്നതിനും കലാകാരന്മാരെ അംഗീകരിക്കുന്നതിനും ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം എന്നും മുൻപന്തിയിലുണ്ട്. എ.കെ.ബാലൻ സാംസ്കാരിക മന്ത്രിയായിരുന്ന കാലത്ത് അന്യംനിന്ന് പോകുന്ന കലാരൂപങ്ങൾ പരിപോഷിപ്പിക്കാൻ ബജറ്റിൽ 10 കോടി രൂപ നീക്കിവച്ചിരുന്നു. കഴിഞ്ഞ ബജറ്റിലത് 15 കോടി രൂപയാക്കി ഉയർത്തി. മികച്ച കലാകാരന്മാർക്ക് പ്രതിമാസം 1700 രൂപ നൽകുന്നുണ്ട്. ഒരുപാട് പേരെ സംബന്ധിച്ച് ആ തുക വലിയ ആശ്വാസമാണ്. സാംസ്കാരിക വകുപ്പിൻ്റെ ജില്ലാ കോർഡിനേറ്റർ എന്ന നിലയിൽ ഈ രംഗത്ത് സജീവമായി ഇടപെടാനും കഴിയുന്നുണ്ട്; രാഹുൽ പറയുന്നു.

കലയോടും കലാകാരന്മാരോടുമുള്ള ആരാധന മൂത്താണ് താൻ നാടൻ പാട്ടുകളെക്കുറിച്ച് ഗവേഷണം നടത്താനിറങ്ങിയത്. എംകോം പാസ്സായ ശേഷം കാര്യവട്ടത്ത് ചേർന്ന് എംഎയും എംഫില്ലും നേടി. മിക്ക നാടൻ പാടൻ പാട്ടുകളും വാമൊഴിയായിട്ടാണ് പ്രചരിച്ചിരിക്കുന്നത്. അവ തേടിപ്പിടിച്ച് പുസ്തകരൂപത്തിലാ ക്കണം. കഴിയുന്നിടത്തോളം പാട്ടുകൾ ജനങ്ങൾക്കിടയിൽ എത്തിക്കാനാണ് കലാസംഘം രൂപീകരിച്ചിരിക്കുന്നത്. തൻ്റെ അനിയൻ രാജീവ് ഗാന്ധിയാണിപ്പോൾ സംഘത്തെ നയിക്കുന്നത്. അടുത്തയാഴ്ച മുതൽ വയനാട്ടിൽ കലാസംഘം സജീവമായി തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവുമെന്ന് രാഹുൽ പറഞ്ഞു.

2019ൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപിയോട് നേരിട്ട് എതിരിടാതെ സേഫ് സോണിൽ വന്ന് ഇടതുപക്ഷത്തെ എതിർക്കുന്നതിന് എതിരെയുള്ള പ്രതിഷേധമായിരുന്നു എൻ്റെ സ്ഥാനാർത്ഥിത്വം. നാമനിർദ്ദേശ പത്രിക നൽകിയതല്ലാതെ കാര്യമായ പ്രചരണമൊന്നും നടത്തിയില്ല. മണൽ ഘടികാരമായിരുന്നു ചിഹ്നം. ഒറിജിനൽ രാഹുൽ ഗാന്ധിക്ക് കൈപ്പത്തിയുമായിരുന്നു. 4,31,770 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി വിജയിച്ചു. അപരൻ രാഹുലിന് 2196 വോട്ട് കിട്ടി. തിരഞ്ഞെടുപ്പ് കണക്ക് കൊടുക്കാത്തതു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ മത്സര വിലക്ക് ഏർപ്പെടുത്തി. മത്സരിച്ച എല്ലാവരും തെരഞ്ഞെടുപ്പ് കണക്കുകൾ സമർപ്പിക്കണമെന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള നിബന്ധനയാണ്. ഈ വർഷം സെപ്റ്റംബർ 13വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്. എന്നാലും തനിക്കാവുംവിധം കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയത്തിനായി പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. രാഹുൽ ഗാന്ധിക്ക് 2021 സെപ്തംബർ 13 മുതൽ 2024 സെപ്തംബർ 13 വരെയാണ് അയോഗ്യതയുള്ളത്. തെരഞ്ഞെടുപ്പ് കണക്കുകൾ സമർപ്പിക്കാത്തതിനാൽ, കണക്കുകൾ സമർപ്പിക്കാനുള്ള തീയതി മുതൽ മൂന്ന് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തുന്നത്. അതാണ് ഇത്തവണ മത്സരിക്കാനുള്ള തടസം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top