ഓസ്‌കര്‍ വേദിയിലേക്ക് ലോകമുണരാന്‍ മണിക്കൂറുകള്‍ മാത്രം; ആത്മവിശ്വാസത്തോടെ ഓപ്പണ്‍ഹൈമറും നോളനും
ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന 96ാമത് ഓസ്‌കര്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം. അറ്റോമിക് ബോംബിന്റെ പിതാവായ ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതവും കാലവും ആസ്പദമാക്കി ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കിയ ഇതിഹാസ ബ്ലോക്ക്ബസ്റ്റര്‍ ബയോപിക് ഓപ്പണ്‍ഹൈമര്‍ പ്രധാന വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ തൂത്തുവാരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. 13 വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ്, ബാഫ്റ്റ വേദികളികളില്‍ ആധിപത്യം അറിയിച്ചതിനു ശേഷമാണ് ഓപ്പണ്‍ഹൈമര്‍ ഓസ്‌കര്‍ വേദിയിലേക്ക് എത്തുന്നത്.
കഴിഞ്ഞ ഓസ്‌കര്‍ വേദിയില്‍ ഇന്ത്യന്‍ സിനിമ, ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ നിന്നപ്പോള്‍ ഇക്കുറി ഇന്ത്യന്‍ പ്രൊഡക്ഷനില്‍ നിന്ന് അവസാന നോമിനേഷനുകളില്‍ സിനിമകളൊന്നും എത്തിയിട്ടില്ല. ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമായി ‘ടു കില്‍ എ ടൈഗര്‍’ ഉണ്ടായിരിക്കും.
ഓപ്പണ്‍ഹൈമറിന് ശേഷം ആരെല്ലാം എന്ന ചോദ്യത്തിനുള്ള മറുപടിയായി ഗ്രെറ്റ ഗെര്‍വിഗിന്റെ ബാര്‍ബി, പുവര്‍ തിങ്‌സ്, കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍ തുടങ്ങിയ സിനിമകളും മത്സരരംഗത്തുണ്ട്. മികച്ച നടിക്കുള്ള ഓസ്‌കര്‍ നേടാന്‍ എമ്മ സ്‌റ്റോണും ലില്ലി ഗ്ലാഡ്‌സ്‌റ്റോണും തമ്മിലാണ് മത്സരം.
പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ ആണ് ഇക്കുറി ഓസ്‌കര്‍ വേദിയില്‍ ആതിഥേയത്വം വഹിക്കുന്നത്. ജാമി ലീ കര്‍ട്ടിസ്, ജോണ്‍ മുലാനി, മിഷേല്‍ യോ, ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നിങ്ങനെ അവതാരകരുടെ നീണ്ടനിരതന്നെയുണ്ടായിരിക്കും ഇക്കുറി ഓസ്‌കര്‍ വേദിയില്‍.
ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ നടക്കുന്ന ചടങ്ങ് മാര്‍ച്ച് 11 തിങ്കളാഴ്ച പുലര്‍ച്ചെ 4.00 മുതല്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് തത്സമയം കാണാം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍, വൗവൗ, മീ വാച്ച്, ചാനല്‍ 5, സിജെ ഇഎന്‍എം എന്നീ പ്ലാറ്റ്‌ഫോമുകളില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here