“12th Fail”; ടെമ്പോ ഡ്രൈവറിൽ നിന്ന് ഐപിഎസ് ഓഫീസറായ മനോജ് കുമാർ ശർമ്മയുടെ കഥയെവെല്ലുന്ന ജീവിതം
പന്ത്രണ്ടാം ക്ലാസിലെ തോൽവിയിൽ നിന്ന് ഐപിഎസ് ഓഫിസറിലേക്ക് ഉയർന്ന മനോജ് കുമാർ ശർമ്മയുടെ കഥ പറഞ്ഞ ചിത്രമാണ് ’12th Fail’. ഐഎംഡിബിയുടെ പട്ടികയില്‍ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ ഇന്ത്യൻ സിനിമയാണ് ഇപ്പോളിത്. സിനിമയെ വെല്ലുന്ന കഥയാണ് മുംബൈ പോലീസിൽ അഡിഷണൽ കമ്മിഷണറായി ജോലി ചെയ്യുന്ന മനോജ് കുമാര്‍ ശർമ്മയുടെ ജീവിതകഥ.
മഹാരാഷ്ട്രയിലെ ബിൽഗോൺ എന്ന ചെറിയ ഗ്രാമത്തിലായിരുന്നു മനോജ് കുമാർ ശർമ്മ ജനിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു കുടുംബം. പഠിത്തത്തിൽ വലിയ മിടുക്കൊന്നും ചെറുപ്പത്തിൽ ശർമ്മ കാണിച്ചിരുന്നില്ല. പത്താം ക്ലാസിൽ തേർഡ് ക്ലാസ് നേടി എങ്ങനെയോ പാസായി, എന്നാൽ പന്ത്രണ്ടിൽ ഹിന്ദി ഒഴികെ മറ്റെല്ലാ വിഷയത്തിനും തോറ്റു. ഇനി എന്ത് ചെയ്യുമെന്ന ചിന്തയിലിരിക്കുമ്പോഴാണ് ശ്രദ്ധ ജോഷി എന്ന പെൺകുട്ടിയുടെ കടന്നു വരവ്. കഥ മാറുന്നത് ഇവിടെനിന്നാണ്. ശ്രദ്ധയെ കണ്ടപ്പോൾ തന്നെ ശർമ്മയുടെ മനസില്‍ പ്രണയം തോന്നി. എന്നാൽ പന്ത്രണ്ടാം ക്ലാസിൽ തോറ്റ് എന്ത് ചെയുമെന്നറിയാതെ നിൽക്കുമ്പോൾ ഇഷ്ടം പറയുന്നതെങ്ങനെ എന്ന ആശങ്കയിലായി. ഒടുവിൽ ധൈര്യം സംഭരിച്ച് ശ്രദ്ധയോട് ഇഷ്ടം പറഞ്ഞു. അതിലും ഞെട്ടൽ ശ്രദ്ധ തിരികെ സമ്മതം മൂളിയപ്പോഴാണ്.
വിക്രാന്ത് മാസി, മേധാ ശങ്കർ എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം പ്രേക്ഷകർക്ക് ഇടയിൽ പ്രത്യേകിച്ച് സിവിൽ സർവീസ് പ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. 10ൽ 9.2 ആണ് ഐഎംഡിബി റേറ്റിംഗ് ജീവിതത്തിൽ എന്തെങ്കിലും ആകണമെന്ന ചിന്തയാണ് മനോജ് കുമാർ ശർമ്മയെ യു പി എസ് സിയിൽ എത്തിച്ചത്. തീരുമാനം എടുത്ത അത്ര എളുപ്പമായിരുന്നില്ല പഠിക്കാൻ തുടങ്ങിയപ്പോൾ. കോച്ചിങ്ങിന് വേണ്ട ഫീസ് നൽകാൻ, അറിയുന്ന എല്ലാ ജോലികളും എടുത്തു. ടെമ്പോ ഓടിച്ചു, വീട്ടുപണികൾ ചെയ്തു എല്ലാത്തിനും പുറമെ ഡൽഹിയിലെ തെരുവുകളിൽ അന്തിയുറങ്ങേണ്ട സ്ഥിതി വരെ വന്നു. പക്ഷെ തോൽക്കാൻ മനോജ് കുമാറിന് മനസില്ലായിരുന്നു. ഒടുവിൽ ഡൽഹിയിലെ ലൈബ്രറിയിൽ പ്യൂൺ ആയി ജോലി കിട്ടി. ഇത് മറ്റൊരു വഴിത്തിരിവായിരുന്നു. മഹാന്മാരായ എഴുത്തുകാരുടെ ജീവിതവും എഴുത്തും വായിച്ചറിയാൻ തുടങ്ങി. ജീവിതത്തില്‍ ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് തിരിച്ചറിയാന്‍ ഈ എഴുത്തുകള്‍ സഹായിച്ചു.
ജോലിക്കിടയിലും പഠിത്തം തുടർന്ന്. മൂന്ന് വട്ടം യു പി എസ് സി പരീക്ഷയിൽ തോൽവി കണ്ടെങ്കിലും നാലാം വട്ടം 121 ാ൦ റാങ്ക് നേടി ഐപിഎസ് എന്ന പദവിയിൽ എത്തി. ജീവിത സഖിയായ ശ്രദ്ധയായിരുന്നു എല്ലാക്കാലത്തും മനോജ് കുമാറിന്റെ പ്രചോദനം. ഐആർഎസ് ഉദ്യോഗസ്ഥയാണ് ശ്രദ്ധ ജോഷി. സിനിമയുടെ ചിത്രീകരണത്തിനിടയിൽ പലപ്പോഴും കണ്ണീരടക്കാൻ ബുദ്ധിമുട്ടിയിരുന്നെന്നും, മനോജ് കുമാർ ശർമ്മയുടെ ജീവിതം പലർക്കും ഒരു പ്രേരണയാണെന്നും സിനിമയിൽ ശർമ്മയുടെ കഥാപാത്രം അഭിനയിച്ച വിക്രാന്ത് മാസി പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here