ഓണാഘോഷത്തിനൊരുങ്ങി തലസ്ഥാനം

തിരുവനന്തപുരം: തലസ്ഥാനത്ത് ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നിലും പരിസരത്തും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
നിശാഗന്ധി ആഡിറ്റോറിയത്തിൽ വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്യും. നടന്‍ ഫഹദ് ഫാസിലാണ് മുഖ്യാതിഥി. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും ചടങ്ങില്‍ പങ്കെടുക്കും.
”ഓണം ഒരുമയുടെ ഈണം’’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കനകക്കുന്നില്‍ അഞ്ച് വേദികളിലായാണ് സെപ്തംബര്‍ രണ്ട് വരെ കലാപരിപാടികള്‍ നടക്കുന്നത്. ജില്ലയില്‍ പല ഭാഗങ്ങളിലായി 31 വേദികളാണ് ഒരുക്കിയിട്ടുള്ളത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്ബി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം, ബിജുനാരായണന്‍-റിമി ടോമി സംഘത്തിന്റെ സംഗീതനിശ, ട്രേഡ്, ഫുഡ് ഫെസ്റ്റിവല്‍ സ്റ്റാളുകള്‍ തുടങ്ങിയവ ആഘോഷം പൊലിപ്പിക്കും.
എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് കനകക്കുന്നില്‍ ലേസര്‍ ഷോ അരങ്ങേറും. സെപ്തംബര്‍ 2 ന് വെള്ളയമ്പലത്ത് നിന്ന് തുടങ്ങുന്ന ഘോഷയാത്രയോടെ വാരാഘോഷം സമാപിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here