വാഹനങ്ങളിലെ തീപ്പിടിത്തം, സാങ്കേതിക സമിതി മൂന്ന് കാരണങ്ങൾ കണ്ടെത്തി
തിരുവനന്തപുരം: വാഹനങ്ങൾ തീപിടിക്കുന്നതിനു കാരണങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി റിപ്പോർട്ട് നൽകി. പ്രധാനമായും മൂന്നു കാര്യങ്ങളാണ് സമിതി കണ്ടെത്തിയത്. വാഹനങ്ങളുടെ രൂപമാറ്റം, ഇന്ധനം ഉൾപ്പടെയുള്ള സ്‌ഫോടകവസ്തുക്കൾ കൊണ്ടുപോകൽ, പ്രാണികളുടെ ഇന്ധനക്കുഴൽ തുരക്കൽ എന്നിവയാണ് തീപിടിത്തത്തിന് കാരണമാകുന്ന പ്രധാന കാരണങ്ങളായി സമിതി ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താനായി അപകടം നട സ്ഥലങ്ങൾ സന്ദർശിക്കും.
ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ 26, 27, 28 തീയതികളിലാണ് പരിശോധന. റോഡുസുരക്ഷാ കമ്മിഷണറും സമിതിയുടെ അധ്യക്ഷനുമായ എസ്. ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ ആലപ്പുഴയിൽ ചേർന്ന ആദ്യ യോഗത്തിലാണു തീരുമാനം. കുറഞ്ഞവിലയുള്ള വാഹനങ്ങളിൽ കൂടുതൽ വിലയുള്ള വാഹനങ്ങളുടെ സൗകര്യങ്ങൾ കൂട്ടിച്ചേർക്കുന്നത് തീപ്പിടിത്തത്തിനു കാരണമാണ്. ഇതേക്കുറിച്ച് എല്ലാ ജില്ലകളിലും നോഡൽ ഓഫീസറെ നിയമിച്ചു ബോധവത്കരണം നടത്തും. വിലകുറച്ച് ഇന്ധനം കിട്ടുന്ന സ്ഥലങ്ങളിൽനിന്ന് അവ കൂടുതൽ ശേഖരിച്ച് വാഹനങ്ങളിൽ കൊണ്ടുപോകുന്നതു നിർത്തണം.
രൂപമാറ്റം നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ അനുകൂലമായ കോടതിവിധി നേടിയെടുക്കാൻ ശ്രമിക്കുമെന്നും സമിതി വ്യക്തമാക്കി. പെട്രോളിലെ എഥനോളിനെ ആകർഷിക്കുന്ന ഒരുതരം ചെറുപ്രാണിയാണ് തീപ്പിടിത്തത്തിനു മറ്റൊരു കാരണമായി പറയുന്നത്. ഇന്ധനംകുടിക്കുന്നതിനായി ഇവ കുഴൽ തുരക്കുന്നുവന്നാണു നിഗമനം.
ഇതേക്കുറിച്ച് ശാസ്ത്രീയപഠനം നടത്തും. അതിനുശേഷമാകും റിപ്പോർട്ട് നൽകുക. രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഫൊറൻസിക് വിഭാഗത്തിലെ ഡോ. എസ്.പി. സുനിൽ, സാങ്കേതിക വിദഗ്ധൻ ഡോ. കെ.ജെ. രമേശ്, ഡോ. മനോജ്കുമാർ, ഡോ. കമൽ കൃഷ്ണൻ, ട്രാഫിക് ഐ.ജി., അഡീഷണൽ ട്രാൻസ്പോർട്ടേഷൻ കമ്മീഷണർ എന്നിവരുമടങ്ങിയതാണ് സമിതി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here