അയോധ്യയിൽ സന്ദർശകരുടെ എണ്ണം അഞ്ച് ലക്ഷത്തിൽ നിന്ന് അയ്യായിരമായെന്ന് ശത്രുഘൻ സിൻഹ; തൃണമൂൽ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
പശ്ചിമ ബംഗാൾ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ശേഷം സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്ന് തൃണമൂൽ കോൺഗ്രസ് എംപിയും ബോളിവുഡ് നടനുമായ ശത്രുഘൻ സിൻഹ. പ്രതിഷ്ഠ ചടങ്ങ് കേന്ദ്ര സർക്കാരിന്റെ പ്രചരണ ആയുധമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷത്തിൽ നിന്ന് അയ്യായിരമായി സന്ദർശകരുടെ എണ്ണം കുറഞ്ഞെന്നാണ് ശത്രുഘൻ സിൻഹ ആരോപിച്ചത്.
പ്രതിഷ്ഠയുടെ ദിവസം അഞ്ച് ലക്ഷത്തോളം പേരാണ് എത്തിയത്. കേന്ദ്ര സർക്കാർ ക്ഷണിച്ച വ്യവസായ പ്രമുഖർ, കലാകാരന്മാർ തുടങ്ങിയവരാണിത്. സാധാരണക്കാർക്ക് ക്ഷണമില്ലായിരുന്നു. എന്നാൽ രണ്ടാം ദിനം എണ്ണം മൂന്ന് ലക്ഷമായി കുറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ എണ്ണം കുറഞ്ഞ് കുറഞ്ഞ് ഇപ്പോൾ അയ്യായിരമായെന്നാണ് സിൻഹയുടെ വാദം. പ്രസ്താവനയെ ബിജെപി രൂക്ഷമായി വിമർശിച്ചു. മമത ബാനർജിയെപ്പോലെ ശത്രുഘൻ സിൻഹയും ഒരു കള്ളനാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. പ്രതിഷ്ഠ കഴിഞ്ഞ ശേഷം ആദ്യത്തെ ഒരു മാസം മാത്രം 50 ലക്ഷം പേര്‍ അയോധ്യ സന്ദർശിച്ചെന്ന് മാളവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു വർഷം കൊണ്ട് അഞ്ച് കോടി ജനങ്ങൾ ക്ഷേത്രം സന്ദർശിക്കുമെന്നും മക്കയെക്കാളും ജെറുസലേമിനെക്കാളും ആളുകൾ അയോധ്യയിൽ എത്തുമെന്നും അദ്ദേഹം അവകാശപ്പപെട്ടു.
ജനുവരി 22നാണ് അയോധ്യ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. ഇതിൽ പങ്കെടുക്കാൻ സർക്കാർ ക്ഷണിച്ചവരല്ലാതെ രാജ്യത്തിൻറെ വിവിധ കോണുകളിൽ നിന്നുള്ള നിരവധി ആളുകൾ എത്തിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here