നിരാഹാര സമരം പിന്‍വലിച്ച് കോണ്‍ഗ്രസ്; സിദ്ധാര്‍ത്ഥന്റെ മരണം തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം : സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ നടത്തി വന്ന നിരാഹാര സമരം പിന്‍വലിച്ച് കോണ്‍ഗ്രസ് പോഷക സംഘടന നേതാക്കള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എന്നിവര്‍ നടത്തിവന്ന നിരാഹാര സമരമാണ് പിന്‍വലിച്ചത്. സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നല്‍കിയ ഉറപ്പ് പരിഗണിച്ചാണ് സമരം പിന്‍വലിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം പിന്‍വലിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

പ്രതിപക്ഷ സംഘടനകളുടെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. അത് പോലീസ് അന്വേഷിച്ചാല്‍ തെളിയില്ല. ഭരണകക്ഷിയാണ് പ്രതികളെ സംരക്ഷിക്കുന്നത്. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തോടെയാണ് സമരം പിന്‍വലിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

കേരളത്തെ മുഴുവന്‍ ഞെട്ടിച്ച കൊലപാതകമാണ് സിദ്ധാര്‍ത്ഥന്റേത്. ഇങ്ങനെയൊരു സംഭവം ഇനിയുണ്ടാകാന്‍ പാടില്ല. എസ്എഫ്‌ഐ നടത്തിയ ഈ ക്രൂരത ജനങ്ങള്‍ക്കിടയില്‍ ഉന്നയിക്കും. രക്ഷിതാക്കളുടെ ഭീതി പറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തും. മുഖ്യമന്ത്രിയുടെ ക്രമിനല്‍ സംഘം നടത്തുന്ന ഈ അതിക്രമങ്ങള്‍ക്ക് അറുതിവരണമെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top