സ്ഫോടനത്തിനിടെ യഹോവ സാക്ഷിയുടെ വീട്ടിൽ മോഷണം; കവര്‍ന്നത് 15 ലക്ഷം രൂപയുടെ സ്വര്‍ണം; പിടിയിലായത് ബന്ധുവായ യഹോവ വിശ്വാസി

കൊച്ചി: കളമശേരി സ്‌ഫോടനം നടന്ന സമയത്ത് ഹാളിലുണ്ടായിരുന്ന യഹോവസാക്ഷിയുടെ വീട്ടില്‍ മോഷണം. എറണാകുളം നോര്‍ത്ത് അയ്യപ്പന്‍ കാവിലെ തങ്കം ജെയിംസിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. അടുത്ത ബന്ധുവാണ് മോഷണം നടത്തിയത്. എളംകുളം ബോസ് നഗര്‍ സ്വദേശി ജോര്‍ജ് പ്രിന്‍സാണ് (36) കവര്‍ച്ച നടത്തിയത്. ഇയാളെ എറണകുളം ടൗൺ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയും യഹോവസാക്ഷി വിശ്വാസിയാണ്.
27.5 പവന്‍ സ്വര്‍ണവും, രണ്ടര ലക്ഷം രൂപയുടെ ഡയമന്‍ഡ് ആഭരണങ്ങളും ഉള്‍പ്പടെ 15 ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. സംഭവസമയത്ത് തങ്കവും കുടുംബവും കളമശേരിയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ തങ്കം ജയിംസിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി, ആയുധമുപയോഗിച്ച് അടുക്കള വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. തങ്കം ജെയിംസിനോടുള്ള മുന്‍ വൈരാഗ്യമാണ് പ്രതിയെ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. തങ്കം നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ പിടികൂടിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here