സുരാജ് -വിനായകൻ കൂട്ടുകെട്ടിലെ ആദ്യ സിനിമ ‘തെക്ക് വടക്ക്’ ചിത്രീകരണം തുടങ്ങി; ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ ചിത്രം ഓണത്തിന് തീയേറ്ററിൽ എത്തും

പാലക്കാട്: വിനായകനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമാകുന്ന ‘തെക്ക് വടക്ക്’ സിനിമ പാലക്കാട് ചിത്രീകരണം ആരംഭിച്ചു. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾക്ക് ശേഷം പ്രശസ്ത കഥാകാരൻ എസ്.ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ മികച്ച കഥകളും നോവലുകളും തിരഞ്ഞെടുത്ത് സിനിമയാക്കുന്ന ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ ചിത്രമാണിത്.

മിന്നൽ മുരളി, ആർഡിഎക്സ് എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവ് അഞ്ജന ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ജന ടാക്കീസും, സിനിമ-പരസ്യചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ.ശ്രീകുമാറിന്റെ വാർസ് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. പ്രേം ശങ്കറാണ് സംവിധാനം.
കെഎസ്ഇബി എന്‍ജിനീയര്‍ മാധവന്റെ വേഷത്തിലാണ് വിനായകൻ എത്തുന്നത്. അരി മിൽ ഉടമയായ ശങ്കുണ്ണിയായി സുരാജും വേഷമിടുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വിനായകൻ – സുരാജ് കൂട്ടുകെട്ട്, നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്.ഹരീഷിന്റെ രസകരമായ കഥ, പരസ്യ രംഗത്തു നിന്നുള്ള സംവിധായകൻ പ്രേം ശങ്കർ എന്നിവരുടെ കൂട്ടുകെട്ട് മികച്ചൊരു സിനിമ പ്രേക്ഷകർക്ക് നൽകുമെന്ന് നിർമ്മാതാവ് അഞ്ജന ഫിലിപ്പ് പറഞ്ഞു. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന സിനിമ ഓണത്തിന് തീയേറ്ററിൽ എത്തുമെന്ന് നിർമ്മാതാവ് വി.എ.ശ്രീകുമാർ പറഞ്ഞു.

ഇതുവരെ അഞ്ചു കഥകളാണ് ‘കഥയാണ് കാര്യം’ പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ കഥയുടെയും സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ കണ്ടെത്തും. സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി.ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് സിനിമകൾ. മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top