തമ്മില്‍ കടിപിടി കൂടി വിനായകനും സുരാജും; വീഡിയോ പുറത്ത്; ‘കഥയാണ് കാര്യം’ പരമ്പരയിലെ ‘തെക്ക് വടക്ക്’ ഓഗസ്റ്റിൽ തിയറ്ററുകളിലേക്ക്

നായകന്മാര്‍ക്ക് വ്യത്യസ്തമായ ആമുഖം നല്‍കുന്ന ‘തെക്ക് വടക്ക്’ സിനിമയുടെ രണ്ടാമത്തെ ആമുഖ വീഡിയോ പുറത്ത്. കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായി പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന രീതിയാണ് ആമുഖ വീഡിയോകള്‍. എഞ്ചിനീയര്‍ മാധവനായെത്തുന്ന വിനായകന്റെയും അരിമില്‍ ഉടമ ശങ്കുണ്ണിയായെത്തുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെയും മുഖചലനമാണ് പുതിയ ആമുഖ വീഡിയോയില്‍. മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള മുഖം ആദ്യ വീഡിയോയില്‍ അവതരിപ്പിക്കുന്നു. ഓഗസ്റ്റില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

അഞ്ജന തിയറ്റേഴ്‌സിന്റെയും വാര്‍സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ അഞ്ജന ഫിലിപ്പും വി.എ ശ്രീകുമാറും ചേർന്ന് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് പൂര്‍ത്തിയായി. എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന കഥയെ അടിസ്ഥാനമാക്കി കഥാകൃത്ത് തന്നെ ഒരുക്കിയ തിരക്കഥ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ഡിഎക്‌സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി.എസ്. ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്.

മലയാളത്തിലെ മികച്ച കഥകളും നോവലുകളും തിരഞ്ഞെടുത്ത് സിനിമയാക്കുന്ന ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ ചിത്രമാണിത്. ഇതുവരെ അഞ്ചു കഥകളാണ് ‘കഥയാണ് കാര്യം’ പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ കഥയുടെയും സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ കണ്ടെത്തും. സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി.ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് സിനിമകൾ. മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top