തീരാപകയ്ക്ക് ഒരു ഹാസ്യ ആവിഷ്‌കാരം!! കഥാപാത്രമായി മത്സരിച്ച് അഭിനയിച്ച് വിനായകനും സുരാജും; ‘തെക്ക് വടക്ക്’ ആളെ കൂട്ടുമ്പോൾ
പാലക്കാട്ടെ ഒരു കൊച്ചു ഗ്രാമത്തിലെ രണ്ടുപേര്‍ തമ്മിൽ ജീവിതാവസാനം വരെ തുടരുന്ന പക. അവരുടെ അച്ഛന്മാര്‍ക്ക് പറഞ്ഞുതീര്‍ക്കാന്‍ കഴിയാതെ പോയ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഒരു യാത്ര തുടങ്ങുന്ന മക്കള്‍. ഈ പുതുമയുള്ള പ്രമേയത്തിന് തികച്ചും റിയലിസ്റ്റിക്കായ കഥ പറച്ചിലാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. അത്യന്തം വാശിയേറിയ രംഗങ്ങളിൽ സുരാജും വിനായകനും മത്സരിച്ച് വാരിവിതറുന്ന ഹാസ്യം അവിശ്വസനീയമാം വിധം റിയലിസ്റ്റിക്കാണ്.
വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം ചിരി മാത്രമല്ല അൽപം ചിന്തിക്കാനുള്ള വകയും ബാക്കി വക്കുന്നുണ്ട്. ജയിലര്‍ സിനിമയിലെ വില്ലന്‍ വേഷത്തിന് ശേഷം റിട്ടയേര്‍ഡ് കെഎസ്ഇബി ഉദ്യോഗസ്ഥനായി ഇതിൽ വിനായകൻ എത്തുന്നത് അമ്പരപ്പിക്കുന്ന മേക്കോവറിലാണ്. നമ്പൂതിരി റൈസ് കമ്പനി ഉടമ ശങ്കുണ്ണിയായി സുരാജും. ചിത്രത്തില്‍ ഇരുവരും സഖാക്കളുമാണ്.
ഒന്നിച്ചു പഠിച്ച ഇരുവരും തമ്മിലുളള പ്രശ്‌നം ചെറുപ്രായം മുതലുള്ളതാണ്. അത് അവരുടെ മരണം വരേയും തുടരുന്നുണ്ട്. ഇതിനിടയില്‍ പക തീര്‍ക്കാനായി ഇരുവരും നടത്തുന്ന നീക്കങ്ങളാണ് സിനിമ. ഇരുവരും തമ്മിലുളള ഈ പോരാട്ടത്തിന് കാരണവും അതിനെ പരിഹരിക്കാതെയുള്ള തര്‍ക്കത്തിലുമെല്ലാം പ്രേക്ഷകരും അറിയാതെ കൂടെക്കൂടുന്ന തരത്തിലാണ് എസ്.ഹരീഷുംം പ്രേംശങ്കറും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇൻ്റർവെല്ലിൽ കടന്നുവരുന്ന ട്വിസ്റ്റും തീർത്തും അപ്രതീക്ഷിതവും നെഞ്ച് പൊളളിക്കുന്നതുമാണ്.
നീണ്ട കാലത്തെ കോടതി വ്യവഹാരം മനുഷ്യരിലേക്ക് ഒരു ലഹരിയായി കടക്കുന്നതിന്റെ അപകടവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുപ്പത് വര്‍ഷത്തെ കോടതി വ്യവഹാരം ശങ്കുണ്ണിയും മാധവനും എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തെയും സ്വഭാവത്തേയും എങ്ങനെയെല്ലാം ബാധിച്ചുവെന്ന് സിനിമയില്‍ വ്യക്തമായി പറയുന്നുണ്ട്. കോടതിയും വാദപ്രതിവാദങ്ങളും വിചാരണയും ഒന്നുമില്ലാത്ത ജീവിതം ആലോചിക്കാനേ കഴിയാത്ത അവസ്ഥയിലേക്ക് താന്‍ എത്തിയെന്ന് സുരാജിൻ്റെ കഥാപാത്രം ഏറ്റു പറയുന്നുമുണ്ട്.
ആദ്യ പകുതിയില്‍ വിനായകന്‍ നിറഞ്ഞാടുകയാണെങ്കില്‍ രണ്ടാം പകുതിയില്‍ സുരാജ് തന്റെ ക്ലാസ് കാണിക്കുകയാണ് ചെയ്യുന്നത്. (ഉദാഹരണം പറഞ്ഞാൽ സ്പോയിലർ ആകും എന്നതിനാൽ ഒഴിവാക്കുന്നു) ഇരു കഥാപത്രങ്ങളേയും ഇടതുപക്ഷ അനുഭാവികളായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ഇരുവരും പാര്‍ട്ടി ഏരിയാ സെക്രട്ടറിയെ സമീപിക്കുന്നതും അതില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടിലുമെല്ലാം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനം വരുന്നുണ്ട്.
ഈ രണ്ട് പേർക്കുമിടയിൽ ചുറ്റി തിരിയുകയാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെല്ലാം. ഇവർക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തിയത് സോഷ്യല്‍ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ്. അന്‍ജന ഫിലിംസ്, വാര്‍സ് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ അന്‍ജന ഫിലിപ്പ്, വി.എ.ശ്രീകുമാര്‍ മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിഎസ് സാം സംഗീതമൊരുക്കിയ ചിത്രത്തിലെ കസ കസ എന്ന ഗാനം സോഷ്യല്‍മീഡിയയില്‍ റീല്‍സായി നിറയുകയാണ്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here