ബംഗാളി നായരുടെ ചായക്കടയിൽ തമ്മിലിടഞ്ഞ് വിനായകനും സുരാജും; ‘തെക്ക് വടക്ക്’ ടീസര്‍ എത്തി

എസ്. ഹരീഷിന്റെ രാത്രി കാവല്‍ എന്ന കഥയെ ആസ്പദമാക്കി പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തെക്ക് വടക്ക്. സുരാജ് വെഞ്ഞാറമൂടും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. കെഎസ്ഇബി എഞ്ചിനീയറായി റിട്ടയേർഡായ മാധവനായി വിനായകനും അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജ് വെഞ്ഞാറമ്മൂടും വേഷമിടുന്നു. ഇവർക്കിടയിൽ സംഭവിക്കുന്ന തമാശകളാണ് തെക്ക് വടക്ക് സിനിമയെന്ന് വ്യക്തമാകുന്നതാണ് ടീസറുകൾ. ഓഗസ്റ്റിൽ ചിത്രം തിയറ്റുകളിൽ എത്തും.

“നാലാമത്തെ ആമുഖ വീഡിയോയാണ് ഇത്. മൂന്നു വീഡിയോകളിലൂടെ വിനായകന്റേയും സുരാജിന്റെയും മുഖരൂപം, ശരീരഭാഷ തുടങ്ങിയവയാണ് പുറത്തു വിട്ടത്. നാലാമത്തേതു മുതൽ സിനിമയിലെ യഥാർത്ഥ ലൊക്കേഷനുകളും സംഭവങ്ങളുമാണ്. ബംഗാളി നായർ എന്ന കഥാപാത്രത്തിന്റെ ചായക്കടയിലാണ് പുതിയ ടീസറിലെ സംഭവം,” നിർമ്മാതാക്കളായ അൻജന ഫിലിപ്പും വി.എ. ശ്രീകുമാറും പറഞ്ഞു.

പരസ്പരം കൊമ്പുകോര്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് വിനായകനും സുരാജും എത്തുന്നത്. കോട്ടയം രമേഷ്, മെറിന്‍ ജോസ്, മെല്‍വിന്‍ ജി ബാബു, ഷമീര്‍ ഖാന്‍, വിനീത് വിശ്വം, സ്നേഹ, ശീതള്‍, മഞ്ജുശ്രീ, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.

അഞ്ജന തിയറ്റേഴ്സിന്റെയും വാര്‍സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ അഞ്ജന ഫിലിപ്പും വി.എ ശ്രീകുമാറും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാടായിരുന്നു. ആര്‍ഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് എഡിറ്റിങ്.

മലയാളത്തിലെ മികച്ച കഥകളും നോവലുകളും തിരഞ്ഞെടുത്ത് സിനിമയാക്കുന്ന ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ ചിത്രമാണിത്. ഇതുവരെ അഞ്ചു കഥകളാണ് ‘കഥയാണ് കാര്യം’ പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ കഥയുടെയും സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ കണ്ടെത്തും. സി.പി സുരേന്ദ്രന്‍, ലാസര്‍ ഷൈന്‍, വിനോയി തോമസ്, വി.ഷിനിലാല്‍, അബിന്‍ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് സിനിമകള്‍. മലയാളി സംരംഭകന്‍ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top