ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു, കുറ്റം ചെയ്തതിന് തെളിവില്ല, 45 ദിവസത്തെ ജയിൽ വാസം
കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് സംഘടിച്ച് ഗതാഗത തടസ്സമുണ്ടാക്കിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തെളിവില്ലെന്ന് കണ്ട് കുറ്റമുക്തനാക്കിയത്.
2016 നവംബർ 26-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കരുളായി വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദിനേതാക്കളുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ മെഡിക്കൽ കോളജ് പരിസരത്ത് ഗതാഗതതടസ്സമുണ്ടാക്കിയെന്നതായിരുന്നു കേസ്. വാറന്റു പുറപ്പെടുവിച്ചതിനെത്തുടർന്ന് ഈ വർഷം ജൂലൈ 29നാണ് വാസു അറസ്റ്റിലായത്. അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 45 ദിവസമായി അദ്ദേഹം റിമാന്റിൽ കഴിയുകയായിരുന്നു. അറസ്റ്റിലായ ശേഷം ഗ്രോ വാസു ജാമ്യം സ്വീകരിക്കാനോ പിഴയടച്ച് കേസ് തീർപ്പാക്കാനോ തയ്യാറായിരുന്നില്ല.
പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിന് വേണ്ടി പോരാടിയാണ് വാസു കേസിൽ മുന്നോട്ട് പോയത്. കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികൾ അവസാനിപ്പിച്ചപ്പോൾ ഗ്രോ വാസു അതിന് തയ്യാറായില്ല. കോടതിയിൽ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കേസ് പരിഗണിച്ചപ്പോഴൊന്നും താൻ തെറ്റ് ചെയ്തില്ലെന്ന വാദത്തിൽ നിന്ന് വാസു പിന്നോട്ട് പോയില്ല. കോടതിയിൽ തനിക്ക് വേണ്ടി ഗ്രോ വാസു തന്നെയാണ് കേസ് വാദിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വഴി തടസപ്പെടുത്തിയതിൽ ആരാണ് പരാതിക്കാരെന്ന് ചോദിച്ച ഗ്രോ വാസു മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്നും കുറ്റപ്പെടുത്തിയിരുന്നു. കേസിൽ ഏഴ് സാക്ഷികളെയാണ് വിസ്തരിച്ചത്. തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കേസിലെ മറ്റു പ്രതികൾ എന്തുചെയ്തു എന്നു കോടതി ചോദിച്ചപ്പോൾ ആകെയുള്ള 20 പ്രതികളിൽ 17 പേരെ കോടതി വെറുതേ വിട്ടിരുന്നതായും രണ്ടുപേർ 200 രൂപ വീതം പിഴയടച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഗതാഗതം തടസ്സപ്പെട്ടതായി കാണിച്ച് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. കഴിഞ്ഞ ദിവസം കോടതിയിൽ മുദ്രാവാക്യം വിളിച്ചതിനാൽ ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പകരം ഓൺലൈനായാണ് കോടതി കേസ് പരിഗണിച്ചത്. ജയിലിലായിരുന്ന ഗ്രോ വാസുവിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here