നിരാശയോടെ നാലാം ദിനം റഡാർ പരിശോധന നിർത്തി; മുണ്ടക്കൈ ദുരന്തത്തിൽ മരണം 344 ആയി

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നിരാശയോടെ നാലാം ദിനത്തിലെ രക്ഷാപ്രവർത്തനം അവസാനിച്ചു. തെർമൽ ഇമേജ് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

മൂന്ന് തവണ ശ്വാസത്തിൻ്റെ സിഗ്നൽ ലഭിച്ച സ്ഥലത്ത് ആഴത്തിൽ മണ്ണും കല്ലും മാറ്റി പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിക്കാത്തതിനെ തുടർന്നാണ് ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചത്. പകുതി തകർന്ന കെട്ടിടത്തിൽ ജീവൻ്റെ തുടിപ്പുകൾ അവശേഷിക്കുന്നുണ്ട് എന്ന സിഗ്നലാണ് മൂന്ന് ഘട്ടങ്ങളായി നടത്തിയ പരിശോധനയിൽ റഡാറിൽ ലഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോ​ഗിച്ച് നടത്തിയ തിരച്ചിൽ പരാജയപ്പെട്ടതോടെ രാത്രി ഒമ്പതു മണിക്ക് ഇന്നത്തെ ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 

ലഭിച്ച സിഗ്നൽ തവളയുടേതോ മറ്റേതെങ്കിലും ജീവികളുടേതോ ആകാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. മൂന്നു മീറ്റർ താഴ്ചയിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കും മണ്ണിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ശ്വാസമോ ചലനമോ ഉള്ള മനുഷ്യരോ ജീവികളോ ഉണ്ടെങ്കിൽ പരിശോധനക്കായി ഉപയോഗിച്ച റഷ്യൻ നിർമിത റഡാറിൽ സിഗ്നൽ കാണിക്കുമെന്നും അവർ വ്യക്തമാക്കി.

മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ചെവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 344 ആയി. ഇരുന്നൂറിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top